25 കോണ്‍ഗ്രസ് എംഎല്‍എമാര്‍ എഎപിയില്‍ ചേരും, പക്ഷേ ഉപയോഗശൂന്യമായവരെ ആവശ്യമില്ലെന്ന് കെജ്‌രിവാള്‍

മൊഹാലി: പഞ്ചാബ് കോണ്‍ഗ്രസിന്റെ കുറഞ്ഞത് 25 എംഎല്‍എമാര്‍ എങ്കിലും ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍, കോണ്‍ഗ്രസിന് പോലും ഉപയോഗമില്ലാത്ത അവരെ പാര്‍ട്ടിയിലെടുക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും കെജ്‌രിവാള്‍ തുറന്നടിച്ചു.

അതേസമയം, നവജ്യോത് സിംഗ് സിദ്ദു ഈ പറഞ്ഞ എംഎല്‍എമാരില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ആം ആദ്മി പാര്‍ട്ടി കണ്‍വീനറുടെ മറുപടി ചിരിയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നുള്ള ഒരുപാട് പേര്‍ പാര്‍ട്ടിയുമായി ബന്ധപ്പെടുന്നുണ്ട്.

എന്നാല്‍, ഉപയോഗശൂന്യമായവരെ ആവശ്യമില്ല. ഇത്തരത്തില്‍ ഗുണമില്ലാത്തവരെ എടുക്കാന്‍ ആണെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ കോണ്‍ഗ്രസില്‍ നിന്നുള്ള 25 എംഎല്‍എമാരും മൂന്നില്‍ രണ്ട് എംപിമാരും ആം ആദ്മിയിലെത്തുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഒരു വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്നും കെജ്‌രിവാള്‍ സ്ഥിരീകരിച്ചു. കോണ്‍ഗ്രസിനൊപ്പം ശിരോമണി അകാലി ദളിനെയും അദ്ദേഹം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

Top