ന്യൂഡല്‍ഹി: ‘ഞങ്ങള്‍ക്ക് വോട്ടു തരൂ… ഇഹലോകവും പരലോകവും മെച്ചപ്പെടുത്തിത്തരാം…” 2022 ല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡില്‍ മോഹവാഗ്ദാനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ പോലെ ഉത്തരാഖണ്ഡിലും സൗജന്യ തീര്‍ഥയാത്ര യോജന ആരംഭിക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചു. അയോധ്യയില്‍ സൗജന്യ ‘ശ്രീരാമ ദര്‍ശനം’ സാധ്യമാക്കും. മുസ്ലീങ്ങള്‍ക്ക് അജ്മീര്‍ ഷെരീഫ് സന്ദര്‍ശിക്കാനും സിഖുകാര്‍ക്ക് കര്‍താര്‍പൂര്‍ സാഹിബ് സന്ദര്‍ശിക്കാനും സൗകര്യമൊരുക്കും. എല്ലാം സൗജന്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡല്‍ഹിയിലെ വികസനം ജനങ്ങള്‍ക്ക് കാണാന്‍ കഴിയും. ഇത്തവണ ഒരു പുതിയ പാര്‍ട്ടിക്ക് അവസരം നല്‍കാന്‍ ഉത്തരാഖണ്ഡിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ജനങ്ങള്‍ക്ക് എ.എ.പിയെ വിശ്വസിക്കാം’ ഡെറാഡൂണില്‍ എത്തിയ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
നല്ല വിദ്യാലയങ്ങള്‍, റോഡുകള്‍, കുടിവെള്ളം, 24 മണിക്കൂര്‍ വൈദ്യുതി, സൗജന്യ വൈദ്യുതി, ജോലി തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കുമെന്നും കെജ്‌രിവാള്‍ വാക്ക് നല്‍കി. ഇതിനൊപ്പമാണ് ആധ്യാത്മിക ജീവിത സൗകര്യവും നല്‍കുമെന്ന വാഗ്ദാനം നല്‍കിയത്.
എഎപിയെ ബിജെപിക്കും കോണ്‍ഗ്രസിനും ഇടയിലായി കാണുന്നില്ലെന്നും അവര്‍ അഴിമതിയില്‍ മുഴുകിയിരിക്കുകയാണെന്നും തങ്ങള്‍ ജനങ്ങള്‍ക്കിടയിലാണെന്നും അദ്ദേഹം പറഞ്ഞു.