ദയവായി നിങ്ങള്‍ താമസിക്കുന്നിടത്ത് തന്നെ തുടരൂ; അതിഥി തൊഴിലാളികളോട് കെജ്രിവാള്‍

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ നിലവില്‍ എവിടെയാണോ താമസിക്കുന്നത് അവിടെ തന്നെ തുടരണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ട്വിറ്ററിലൂടെയാണ് കെജ്രിവാളിന്റെ ആഹ്വാനം.

അതിഥി തൊഴിലാളികള്‍ അയല്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലേക്കും ഹരിയാനയിലേക്കും അതിര്‍ത്തി കടക്കരുതെന്നും അത്തരം പ്രവൃത്തികള്‍ രാജ്യം മുഴുവന്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിന്റെ പ്രസക്തി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ക്കാവശ്യമായ ഭക്ഷണ-താമസ സൗകര്യങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് കെജ്രിവാള്‍ ഉറപ്പുനല്‍കി. രാജ്യത്തിന് വേണ്ടി ഇപ്പോള്‍ നാടുകളിലേക്ക് മടങ്ങാതിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതിര്‍ത്തിപ്രദേശമായ കൗശംബിയില്‍ മറ്റുസംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്നാണ് ഇത്തരം സാഹചര്യം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

‘ചില ആളുകള്‍ അവരുടെ ഗ്രാമങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു. ആളുകള്‍ എവിടെയാണോ അവിടെ തന്നെ തുടരണമെന്നാണ് പ്രധാനമന്ത്രി എല്ലാവരോടും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ മുതിരാതെ ഇപ്പോഴുള്ള സ്ഥലത്ത് തുടരാന്‍ ഞാനും ആവശ്യപ്പെടുകയാണ്’- കെജ്രിവാള്‍ ട്വീറ്ററില്‍ കുറിച്ചു.

‘ഇത്രയധികം ആളുകള്‍ കൂട്ടം കൂടുന്നത് കൊറോണ വൈറസ് വ്യാപിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളിലൂടെ, വൈറസ് നിങ്ങളുടെ ഗ്രാമത്തിലേക്കും കുടുംബത്തിലേക്കും എത്തും. അങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം വ്യാപിക്കാനിടയാകും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top