ദേശീയ രാഷ്ട്രീയത്തിൽ പുതിയ ‘ബദൽ’ കെജരിവാൾ മോദിക്ക് എതിരിയായേക്കും !

നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ നേരിട്ട കനത്ത തോല്‍വിക്കുശേഷം യു.പിയില്‍ ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും വമ്പന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ്സിനു ലഭിച്ചിരിക്കുന്നത്. ഇനി എങ്ങോട്ട് എന്ന ചോദ്യം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാത്രമല്ല ഓരോ കോണ്‍ഗ്രസ്സ് നേതാക്കളും പരസ്പരം ചോദിക്കേണ്ട ഘട്ടമാണിത്. കോണ്‍ഗ്രസ്സിനു മുന്നില്‍ ‘ഇരുട്ട്’ മാത്രമാണ് ഇപ്പോഴുള്ളത്. ‘വെളിച്ചം’ നല്‍കാന്‍ ശേഷിയുള്ള ഒരു നേതാവും പ്രത്യായ ശാസ്ത്രപരമായ അടിത്തറയും ആ പാര്‍ട്ടിക്ക് ഇന്നില്ല.

പഞ്ചാബിലെ ഭരണം നഷ്ടപ്പെട്ടു എന്നതു മാത്രമല്ല അതിദയനീയമായി പരാജയപ്പെട്ടു എന്നതാണ് കോണ്‍ഗ്രസ്സിന്റെ അവസ്ഥയെ ഭീകരമാക്കുന്നത്. പ്രിയങ്ക നേരിട്ട് ‘പട’ നയിച്ച യു.പിയില്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടന്ന മറ്റു നാല് സംസ്ഥാനങ്ങളിലും വലിയ പരാജയമാണ് കോണ്‍ഗ്രസ്സ് നേരിട്ടിരിക്കുന്നത്. ഈ അവസ്ഥയില്‍ ഭരണമുള്ള രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ അതും കൂടി കൈവിട്ട് പോകാനാണ് സാധ്യത. അതായത് കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി മാത്രമല്ല നെഹ്‌റു കുടുംബത്തിന്റെ ‘പവര്‍’ കൂടിയാണ് ഇതോടെ പൂര്‍ണ്ണമായും നഷ്ടമായിരിക്കുന്നത്. ജനങ്ങളെ സ്വാധീനിക്കാനുള്ള ഒരു ശേഷിയും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും ഇല്ലെന്നതു കൂടി ഈ തിരഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിക്കുന്നുണ്ട്. തകര്‍ന്നടിഞ്ഞ സംഘടനാ സംവിധാനങ്ങള്‍ വച്ച് ‘പട’ നയിച്ചാലുള്ള അവസ്ഥയാണിത്.

ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സിലുള്ള വിശ്വാസം എല്ലാ അര്‍ത്ഥത്തിലും നഷ്ടമായി കഴിഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസ്സിനു പകരം ആം ആദ്മി പാര്‍ട്ടി ആണ് അധികാരത്തില്‍ വന്നിരിക്കുന്നത്. അതും മിന്നുന്ന പ്രകടനത്തോടെ ആണ് എന്നതും ശ്രദ്ധേയമാണ്. യുപിയില്‍ സകല കണക്കു കൂട്ടലുകളും തെറ്റിച്ചാണ് ബി.ജെ.പി വമ്പന്‍ വിജയം നേടിയിരിക്കുന്നത്. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളിലും, ബി.ജെ.പിയാണ് സര്‍ക്കാറുണ്ടാക്കുന്നത്. നാണംകെട്ട തോല്‍വിയാണ് ഈ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് നിലവില്‍ ഏറ്റു വാങ്ങിയിരിക്കുന്നത്. രാജ്യത്ത് ഇനി എവിടെ തിരഞ്ഞെടുപ്പ് നടന്നാലും ഇതു തന്നെ ആയിരിക്കും കോണ്‍ഗ്രസ്സിന്റെ അവസ്ഥ എന്നതും ഉറപ്പാണ്.

ഇതെല്ലാം കോണ്‍ഗ്രസ്സ് ചോദിച്ചു വാങ്ങുന്ന തിരിച്ചടികളാണ്. ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി ആ പാര്‍ട്ടിയെ മാറ്റിയത് തന്നെ കോണ്‍ഗ്രസ്സ് നേതാക്കളാണ്. ‘ഖദര്‍’ ശരവേഗത്തിലാണ് രാജ്യത്ത് ‘കാവി’യണിയുന്നത്. നേതാക്കള്‍ക്കു മാത്രമല്ല ജനപ്രതിനിധികള്‍ക്കും കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയില്‍ എത്താന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. തിരിച്ചടി നേരിട്ട എല്ലാ സംസ്ഥാനങ്ങളിലും പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കളാണ് ബി.ജെ.പിയില്‍ എത്തിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന യു.പിയില്‍ പ്രിയങ്കയുടെ പൊടിക്കൈകള്‍ ഒന്നും തന്നെ വിലപ്പോയിട്ടില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ആ പാര്‍ട്ടി അവിടെയും തകര്‍ന്നടിഞ്ഞു കഴിഞ്ഞു. പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടി പ്രതീക്ഷിച്ച നേട്ടം കൊയ്തിട്ടില്ലങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി സീറ്റുകളില്‍ അധികം നേടാന്‍ അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദേശീയ തലത്തിലെ പ്രതിപക്ഷ നിരയുടെ നേതൃത്വം കൂടിയാണ് കോണ്‍ഗ്രസ്സിന് നഷ്ടമായിരിക്കുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിനു ബദല്‍ ഉയര്‍ത്തിയ ആം ആദ്മി പാര്‍ട്ടി പഞ്ചാബിലും കോണ്‍ഗ്രസ്സിനെ തരിപ്പണമാക്കിയിരിക്കുകയാണ്. ആ പാര്‍ട്ടിയെ സംബന്ധിച്ച് ഹരിയാനയും ഗുജറാത്തും ഹിമാചല്‍ പ്രദേശും രാജസ്ഥാനും എല്ലാം പ്രതീക്ഷയുള്ള സംസ്ഥാനങ്ങളാണ്.

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്സിന് ബദലായി ആം ആദ്മി പാര്‍ട്ടി വളരുമ്പോള്‍ പ്രതിപക്ഷത്ത് പുതിയ ശക്തിക ചേരിയാണ് രൂപപ്പെടുന്നത്. നിലവില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗ്‌മോഹന്‍ റെഡ്ഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്, തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടങ്ങി പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രിമാരുമായി വളരെ അടുത്ത സൗഹൃദമാണ് കെജരിവാളിനുള്ളത്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസില്‍ സന്ദര്‍ശിച്ചാണ് മുന്‍പ് അരവിന്ദ് കെജരിവാള്‍ ചര്‍ച്ച നടത്തിയിരുന്നത്.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും ആര്‍.ജെ.ഡി നേതാവ് തേജ്വസിക്കും എല്ലാം കെജരിവാളിനോട് വലിയ മതിപ്പാണുള്ളത്. ഇവരെല്ലാം തന്നെ വീണ്ടും ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരരുത് എന്ന് ശക്തമായി ആഗ്രഹിക്കുന്നവരാണ്. ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മോദിക്ക് എതിരാളിയായി ഒരു ശക്തന്‍ വരണമെന്ന അഭിപ്രായവും, ഇവര്‍ക്കിടയില്‍ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. മോദി കെജരിവാള്‍ പോരാട്ടമായി ലോകസഭ തിരഞ്ഞെടുപ്പിനെ മാറ്റിയാല്‍ പ്രതിപക്ഷ ചേരിക്ക് വിജയസാധ്യത വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതിന് അവസരം ഒരുങ്ങിയാല്‍ തീ പാറുന്ന മത്സരമാണ് നടക്കുക.

ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വലിയ പ്രതീക്ഷയാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. കോണ്‍ഗ്രസ്സിന്റെ ”സ്‌പെയ്‌സാണ് ”ആ പാര്‍ട്ടി കയ്യടക്കാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയിലും, പഞ്ചാബിലും അതിനു അവര്‍ക്ക് സാധിച്ചു കഴിഞ്ഞു. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയിലും അട്ടിമറി സാധ്യത കൂടുതലാണ്.ഈ ‘അശ്വമേധം’ ആം ആദ്മി പാര്‍ട്ടി തുടര്‍ന്നാല്‍ ഹിമാചല്‍ പ്രദേശിലും രാജസ്ഥാനിലും ഉള്‍പ്പെടെ കോണ്‍ഗ്രസ്സ് തകര്‍ന്നടിയും. മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സ് വോട്ട് ഷെയറിനെയും ഈ തകര്‍ച്ച വല്ലാതെ ബാധിക്കും. രാഷ്ട്രീയ കാലാവസ്ഥ എതിരായത് നെഹറു കുടുംബത്തിന്റെ നിലയും പരുങ്ങലിലാക്കും.

ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സില്‍ എതിര്‍ ശബ്ദം ഉയര്‍ന്നു കഴിഞ്ഞു. രാഹുല്‍ മാത്രമല്ല സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും മാറണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. രാഹുല്‍ ഗാന്ധിക്ക് വീണ്ടും ലോകസഭ കാണണമെങ്കില്‍ വയനാട്ടില്‍ തന്നെ മത്സരിക്കണമെന്നതും ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനയാണ്. കഴിഞ്ഞ തവണ രാഹുല്‍ എഫക്ടില്‍ യു.ഡി.എഫ് നേടിയത് 19 സീറ്റുകളാണ്. അടുത്ത തവണ മൂന്ന് സീറ്റുകള്‍ കിട്ടിയാല്‍ തന്നെ അത് മഹാഭാഗ്യം എന്നതാണ് അവസ്ഥ. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളെയും വല്ലാതെ ഞെട്ടിച്ചിട്ടുണ്ട്. യു.ഡി.എഫിലെ ഘടക കക്ഷികളും വലിയ ആശങ്കയിലാണ്.

രാഹുല്‍ ‘ഭാവി പ്രധാനമന്ത്രി’ എന്ന പ്രചരണം… ഇനിയും കേരളത്തില്‍ നടത്തിയാല്‍ അത് കോമഡിയായി മാറുമെന്നാണ് മുസ്ലീംലീഗ് നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. കയ്യിലുള്ള പൊന്നാനി കൂടി ഇത്തവണ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ലീഗ് നേതാക്കളുള്ളത്. കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ച ഇടതുപക്ഷം പോലും ആഗ്രഹിക്കുന്നില്ലെങ്കിലും യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് അതു തന്നെയാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ കേരളത്തിലും കോണ്‍ഗ്രസ്സ് മുന്നണി തകര്‍ന്ന് തരിപ്പണമാകും. അതിനുള്ള സാധ്യതയാണ് ഇപ്പോള്‍ ഏറെ വര്‍ദ്ധിച്ചിരിക്കുന്നത്.

EXPRESS KERALA VIEW

Top