Kejriwal is still followed modi; The aim of the third alternative after the Punjab result

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന എതിരാളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നെ.

ലോക്‌സഭയിലും രാജ്യസഭയിലും മോദിക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷ നിരയില്‍ നിരവധി പാര്‍ട്ടികള്‍ ഉണ്ടെങ്കിലും മോദിയുടെ ഉറക്കം കെടുത്തുന്നത് കെജ്‌രിവാളിന്റെ ഇടപെടലുകളാണ്.

പ്രധാനമന്ത്രി കസേരയിലേക്കുള്ള യാത്രയില്‍ ഗുജറാത്തിലെ വഡോദര മണ്ഡലത്തോടൊപ്പം യുപിയിലെ വാരണാസിയില്‍ മത്സരിച്ച മോദിയെ എതിരിടാന്‍ രംഗത്തിറങ്ങിയതില്‍ തുടങ്ങി വിടാതെ പിന്നാലെ കൂടിയിരിക്കുകയാണ് കെജ്‌രിവാള്‍.

പ്രധാനമന്ത്രിയുടെ ബിരുദത്തെ സംബന്ധിച്ച് ചോദ്യമുയര്‍ത്തിയാണ് ഇപ്പോള്‍ അദ്ദേഹം വീണ്ടും മോദിയെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്.

1978ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയെന്ന് പ്രധാനമന്ത്രി പറഞ്ഞത് കള്ളത്തരമാണെന്നും ബിരുദം നേടിയത് അല്‍വര്‍ സ്വദേശിയായ ബിസിനസുകാരനാണെന്നുമാണ് കെജ്‌രിവാളിന്റെ ആരോപണം.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ ആരോപണമുന്നയിച്ചത് രാജ്യത്തിനകത്ത് മാത്രമല്ല പുറത്തും വലിയ മാധ്യമ ശ്രദ്ധയാണ് ആകര്‍ഷിച്ചിട്ടുള്ളത്.

ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ‘ഹീറോ’ ആയി മാറിക്കൊണ്ടിരിക്കുന്ന മോദിയുടെയും രാജ്യത്തിന്റെയും പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കാന്‍ മന:പൂര്‍വ്വം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കെജ്‌രിവാള്‍ ഉന്നയിക്കുകയാണെന്ന നിലപാടിലാണ് ബിജെപി.

എന്നാല്‍ ഈ ആക്ഷേപങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ തന്റെ വിദ്യാഭ്യാസ യോഗ്യത പ്രധാനമന്ത്രി തന്നെ വ്യക്തമാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ വിവരങ്ങള്‍ ശരിയല്ലെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി.

അദ്ദേഹത്തിന്റെ കണ്ടെത്തല്‍ പ്രകാരം 1978 ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയത് അല്‍വര്‍ സ്വദേശിയായ നരേന്ദ്ര കുമാര്‍ മോദിയാണ്.

ഇദ്ദേഹത്തിന് കൊമേഴ്‌സില്‍ ഓണേഴ്‌സ് ബിരുദമാണുള്ളത്. സര്‍ട്ടിഫിക്കറ്റിലും നരേന്ദ്രകുമാര്‍ മോദിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രധാനമന്ത്രിയുടെ ബിരുദം ആര്‍ട്‌സിലാണ്.പേര് നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്നാണ്.

1975 ലാണ് നരേന്ദ്ര കുമാര്‍ മോദി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ ചേരുന്നത്. ഇപ്പോഴത്തെ വിവാദങ്ങളോട് പ്രധാനമന്ത്രി രാജ്യത്തോട് നുണ പറയില്ലെന്ന് വിശ്വസിക്കാനാണ് നരേന്ദ്ര കുമാര്‍ മോദിക്കിഷ്ടം.

കാര്യങ്ങള്‍ എന്തായാലും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദം കത്തി പടരുക തന്നെയാണ്.

ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന ആവശ്യത്തോട് പ്രതികരണമില്ലാത്തതാണ് കെജ്‌രിവാളിനെ ചൊടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ‘അണിയറ രഹസ്യങ്ങള്‍’ തേടിയുള്ള യാത്രയിലാണ് അദ്ദേഹം.

ഇതിനിടെ മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ സാക്ഷ്യപത്രങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി അമിത് ഷായും അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തി. ആംആദ്മി പാര്‍ട്ടിയും കെജ്‌രിവാളും രാജ്യത്തെ നാണം കെടുത്തി. കെജ്‌രിവാള്‍ രാജ്യത്തോട് മാപ്പു പറയണമെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ നരേന്ദ്ര കുമാര്‍ ദാമോദര്‍ ദാസ് മോദിയെന്ന പേരാണ് അമിത് ഷാ ഉയര്‍ത്തിക്കാട്ടിയ ലിസ്റ്റിലുള്ളത്. അമിത് ഷാ ഉയര്‍ത്തിക്കാട്ടിയ ലിസ്റ്റിലുള്ള പേര് കെജ്‌രിവാളിന്റെ ആരോപണത്തെ ശരിവയ്ക്കുന്നതാണ്.

മുന്‍ പ്രധാനമന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായി ശക്തമായ ഇടപെടലുകളിലൂടെ ലോകനേതാവ് എന്ന രൂപത്തിലേക്ക് ഉയരുന്ന മോദിയുടെ ഇമേജിന് വെല്ലുവിളി ഉയര്‍ത്താന്‍ അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള കെജ്‌രിവാളിന് മാത്രമാണ് കഴിയുകയെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലുള്ളത്.

മുന്‍ സുപ്രീംകോടതി ജഡ്ജി കൂടിയായ മാര്‍ക്കണ്ഡേയ കട്ജു തന്നെ മോദിക്ക് ഏറ്റവും വലിയ വെല്ലുവിളി കെജ്‌രിവാളായിരിക്കുമെന്ന് പരസ്യമായി വ്യക്തമാക്കിയിരുന്നു.

തിളക്കമാര്‍ന്ന ഭൂരിപക്ഷത്തില്‍ കേന്ദ്രഭരണം പിടിച്ചെടുത്ത ബിജെപിക്കും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ചാണ് കെജ്‌രിവാള്‍ രണ്ടാമതും ഭരണം പിടിച്ചതെന്ന ഇരുപാര്‍ട്ടികളുടെയും ആരോപണങ്ങളുടെ മുനയും അധികാരമേറ്റെടുത്ത് അധികനാള്‍ കഴിയും മുന്‍പ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ഒടിച്ചു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ധ്രുതഗതിയില്‍ ഒന്നൊന്നായി നടപ്പാക്കിയെന്നു മാത്രമല്ല രാജ്യത്തെ ഭരണാധികാരികള്‍ക്ക് കണ്ട് പഠിക്കാന്‍ ഒരു സര്‍ക്കാര്‍ എന്ന രൂപത്തില്‍ ഉയരാനും ഇതിനകം തന്നെ ആംആദ്മി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. കെജ്‌രിവാള്‍ ആര്‍ജിച്ച ഈ പ്രതിച്ഛായ തന്നെയാണ് മോദിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

അടുത്ത് തന്നെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ആംആദ്മി ഭരണത്തിലേറുമെന്ന സര്‍വ്വേകളും ഇതിനകം തന്നെ പുറത്ത് വന്നു കഴിഞ്ഞു.നിലവില്‍ ബിജെപി മുന്നണി ഭരിക്കുന്ന പഞ്ചാബില്‍ നിന്ന് ആകെയുള്ള 13 എംപിമാരില്‍ 4 പേര്‍ ആംആദ്മി പാര്‍ട്ടിക്കാരാണ്.

ഡല്‍ഹിയോട് ചേര്‍ന്നു കിടക്കുന്ന ഹരിയാനയില്‍ ശക്തമായ സ്വാധീനമുണ്ടായിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവിടെ മത്സരിക്കാതെ തന്ത്രപരമായ സമീപനമാണ് ആംആദ്മി പാര്‍ട്ടി സ്വീകരിച്ചത്.

പഞ്ചാബില്‍ അധികാരം പിടിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളില്‍ ‘ഒരു കൈ’ നോക്കാമെന്ന നിലപാടിലാണ് കെജ്‌രിവാളും സംഘവും.

ബിഹാര്‍ മുഖ്യമന്ത്രിയുമായും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുമായും കൂട്ട് ചേര്‍ന്ന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബദല്‍ ഉണ്ടാക്കുകയാണ് ആത്യന്തികമായി കെജ്‌രിവാള്‍ ലക്ഷ്യമിടുന്നതെന്നാണ് പറയപ്പെടുന്നത്.

അതേസമയം അഗസ്റ്റ കേസ് ഒതുക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന ആരോപണം ആവര്‍ത്തിച്ച് അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

മോദിയുടെ ചില രഹസ്യങ്ങള്‍ ഗാന്ധി കുടംബത്തിന് അറിയാമെന്നും ആ പേടിയില്‍ ഗാന്ധി കുടുംബത്തിലെ ഒരാള്‍ക്കുമെതിരെയും നടപടിയടുക്കാന്‍ മോദി തയ്യാറാവില്ലെന്നുമാണ് കെജ്‌രിവാള്‍ ഞായറാഴ്ച ട്വിറ്ററിലൂടെ ആരോപിച്ചത്.

വിശ്വസനീയ സ്രോതസ്സുകളില്‍ നിന്നുള്ള വിവരമെന്ന പേരിലാണ് കെജ്‌രിവാള്‍ ഇക്കാര്യം പുറത്ത് വിട്ടിട്ടുള്ളത്.

അഗസ്റ്റ ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ സോണിയയെ അറസ്റ്റ് ചെയ്യാന്‍ മോദിക്ക് ധൈര്യമില്ലെന്ന് ശനിയാഴ്ച നടന്ന പൊതുയോഗത്തിലും അദ്ദേഹം ആരോപിച്ചിരുന്നു.

ആഗസ്റ്റ കേസ് അട്ടിമറിക്കുന്നതിന് പ്രത്യുപകാരമായാണ് മോദിയുടെ വ്യാജ ഡിഗ്രി വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതെന്നാണ് കെജ്‌രിവാളിന്റെ വാദം.

Top