ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇഡി നല്‍കിയ നാലാമത്തെ സമന്‍സും അവഗണിച്ച് കെജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇഡി നല്‍കിയ നാലാമത്തെ സമന്‍സും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അവഗണിച്ചു. ഉച്ചയോടെ നടന്ന ഡല്‍ഹി സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്ത കെജ്രിവാള്‍ ഗോവയിലേക്ക് തിരിക്കും. ചോദ്യം ചെയ്യലിനായി ഇന്ന് 12 മണിക്ക് ഹാജരാക്കാന്‍ ആയിരുന്നു ഇഡിയുടെ നിര്‍ദ്ദേശം.

മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇത്തവണയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പിടികൊടുത്തില്ല. കേസിലെ ചോദ്യം ചെയ്യലിന് 12 മണിക്ക് ഹാജരാകാന്‍ ആയിരുന്നു ഇഡിയുടെ നിര്‍ദേശം.സമന്‍സിനെ തീര്‍ത്തും അവഗണിച്ച് ഡല്‍ഹി സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും അതിന് ശേഷം ഗോവയിലേക്ക് തിരിക്കാനും ആണ് കെജ്രിവാളിന്റെ തീരുമാനം. ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ തയ്യാറെടുപ്പുകള്‍ പരിശോധിക്കാനാണ് ഗോവയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര. തന്നെ അറസ്റ്റ് ചെയ്യാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.

അരവിന്ദ് കെജ്രിവാള്‍ ഒരു കുറ്റവാളിയെ പോലെ നിയമനടപടികളില്‍ നിന്നും ഓടി ഒളിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.കഴിഞ്ഞ ഒക്ടോബറില്‍ ആണ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ ഇഡി ആദ്യമായി ഡല്‍ഹി മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്.

Top