കേജ്‌രിവാളിന് തിരിച്ചടി: തലസ്ഥാനമേഖല ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി

ന്യൂഡൽഹി: ഡൽഹിയിൽ ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ ഡൽഹി ബിൽ (നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി ഭേദഗതി) നിയമമായി. ആംആദ്മിയുടേയും മറ്റ് പ്രതിപക്ഷ പാർട്ടികളുടേയും ശക്തമായ എതിർപ്പിനിടയിലാണ് ഡൽഹി ബിൽ നിയമമായിരിക്കുന്നത്.

45നെതിരെ 83 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ കടന്നത്.സമ്പൂർണ സംസ്ഥാന പദവി ഇല്ലാത്തതിനാൽ മറ്റു സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ ഡൽഹി സർക്കാരിനില്ല. 2013ൽ ആദ്യം അധികാരത്തിൽ വന്നതു മുതൽ ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവിക്കു വേണ്ടി വാദിക്കുന്ന എഎപിക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും കനത്ത തിരിച്ചടിയാണ് നിയമം.

ഡൽഹി സർക്കാർ എന്നാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുപകരം ലഫ്റ്റനന്റ് ഗവർണർ എന്ന നിർവചനം നൽകിക്കൊണ്ടുള്ളതാണ് ഭേദഗതി. സർക്കാരിന്റെ തുടർ നടപടികൾക്ക് ഇനി മുതൽ ലഫ്റ്റനന്റ് ഗവർണറുടെ അനുമതി വേണം.

Top