Kejriwal dubs Hyderabad scholar suicide as murder

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായ മന്ത്രിമാരെ പുറത്താക്കണമെന്നും മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ആത്മഹത്യ ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്.

സംഭവത്തില്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവുവിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ കഴിഞ്ഞ വര്‍ഷമാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ രോഹിത് വെമൂല ഉള്‍പ്പെടെ അഞ്ച് ദലിത് വിദ്യാര്‍ത്ഥികളെ കോളെജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് ദത്താത്രേയ കത്തയക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top