നിയമവിരുദ്ധ അധികാരം ; ഡല്‍ഹി സര്‍ക്കാരിനെതിരെ പടയൊരുക്കി ഉദ്യോഗസ്ഥര്‍

Arvind Kejriwal

ന്യൂഡല്‍ഹി: ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കുമെന്ന ഉത്തരവിനെതിരെ ഡല്‍ഹിയില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള പോര് കനക്കുന്നു.

സര്‍ക്കാരിന് ലഫ്റ്റനന്റ് ഗവര്‍ണറെക്കാള്‍ പ്രാധാന്യമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കും എന്നറിയിച്ചു കൊണ്ടുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉത്തരവ്.

എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്നു കാണിച്ചു സേവന വകുപ്പു സെക്രട്ടറി മടക്കിയതാണു പുതിയ പ്രശ്‌നങ്ങള്‍ക്കു കാരണം. സുപ്രീം കോടതി വിധി സേവന വകുപ്പിന് ബാധകമല്ലെന്നു കാണിച്ചാണ് ഉത്തരവ് മടക്കിയത്.

ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം ലഫ്. ഗവര്‍ണറിനായിരിക്കുമെന്ന 2015 മേയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവു കോടതി റദ്ദാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തിമ വിധി വരാതെ സര്‍ക്കാര്‍ തോക്കില്‍ കയറി വെടിവയ്ക്കരുതെന്നും അദ്ദേഹം ഉപമുഖ്യന്ത്രിക്ക് അയച്ച കുറിപ്പില്‍ പറയുന്നു.

അതേസമയം, ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്നു മനീഷ് സിസോദിയ അറിയിച്ചു. കോടതി ഉത്തരവു പ്രകാരം ക്രമസമാധാന പരിപാലനം ഒഴിച്ചുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലുള്ള പരിപൂര്‍ണ അധികാരം സര്‍ക്കാരിനാണെന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ടു തന്നെ അന്തിമ വിധി വരാതെ ഒരു ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റരുതെന്നാണോ ഈ നിലപാട് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Top