മോദി എന്റെയും പ്രധാനമന്ത്രി; തെരഞ്ഞെടുപ്പില്‍ കളിക്കേണ്ട; പാക് മന്ത്രിയോട് കെജ്രിവാള്‍

ന്ത്യക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്ന പതിവുണ്ട് പാകിസ്ഥാന്‍ മന്ത്രി ചൗധരി ഫവദ് ഹുസൈന്. ഇത്തരം വാക്‌പോരുകള്‍ പലപ്പോഴും ട്രോളുകള്‍ക്കും ഇടയാക്കാറുണ്ട്. ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഭിപ്രായം പറയുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുത്തിയാണ് ഹുസൈന്‍ ഒടുവില്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തിയത് മുഖ്യ എതിരാളിയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്.

ഡല്‍ഹി തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നതിന് പുറമെ പ്രധാനമന്ത്രി മോദി തന്റെയും പ്രധാനമന്ത്രിയാണെന്നും തിരിച്ചടിയില്‍ കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിക്ക് നേരെയുള്ള പാകിസ്ഥാന്റെ അക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയാണ് ഡല്‍ഹി തെരഞ്ഞെടുപ്പിന് ചൂടേറിയ അവസ്ഥയില്‍ കെജ്രിവാള്‍ കളംപിടിക്കുന്നത്.

‘നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി. അദ്ദേഹം എന്റെയും പ്രധാനമന്ത്രിയാണ്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഭീകരവാദത്തിന്റെ ഏറ്റവും വലിയ സംഘാടകര്‍ ഇതില്‍ ഇടപെടുന്നത് അംഗീകരിക്കില്ല’, കെജ്രിവാള്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ എത്രയൊക്കെ ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തെ അവര്‍ക്ക് തകര്‍ക്കാന്‍ സാധിക്കില്ലെന്നും ആം ആദ്മി മേധാവി ഓര്‍മ്മിപ്പിച്ചു.

‘മോദി ഭ്രാന്തിനെ ഇന്ത്യയിലെ ജനങ്ങള്‍ തോല്‍പ്പിക്കണം. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്ന് വിഡ്ഢിത്തരങ്ങളും, ഭീഷണികളും മുഴക്കുകയാണ് മോദി. കശ്മീര്‍, പൗരത്വ നിയമങ്ങള്‍, തകരുന്ന സമ്പദ് വ്യവസ്ഥ എന്നിവയില്‍ ആഭ്യന്തര, വിദേശ പ്രതികരണങ്ങളില്‍ സമനില തെറ്റിയിരിക്കുകയാണ്’, ഫവദ് ഹുസൈന്‍ പരിഹസിച്ചു.

പാക് മന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് എതിരെയാണ് മോദിയുടെ ഏറ്റവും വലിയ വിമര്‍ശകനും, എതിരാളിയുമായ കെജ്രിവാള്‍ രംഗത്ത് വന്നത്.

Top