Kejriwal decided to approach jacob thomas IPS after his retires

ന്യൂഡല്‍ഹി: കേരളത്തിലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എപ്പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചാലും അദ്ദേഹത്തെ സമീപിക്കുമെന്ന് ആംആദ്മി പാര്‍ട്ടി കേന്ദ്ര നേതൃത്വം.

ജേക്കബ് തോമസിന്റെ അഴിമതിക്കെതിരായ പോരാട്ടങ്ങളെ പ്രതീക്ഷയോടെയാണ് പാര്‍ട്ടി കാണുന്നതെന്നും അദ്ദേഹത്തെ പോലുള്ള ഉദ്യോഗസ്ഥര്‍ കൂടി രാഷ്ട്രീയ രംഗത്തിറങ്ങിയാലേ മലീമസമായ ഈ മേഖലയുടെ ശുദ്ധീകരണം ദ്രുതഗതിയിലാവു എന്നും ആം ആദ്മി നേതൃത്വം പ്രതികരിച്ചു.

2020 വരെ സര്‍വ്വീസ് ബാക്കിയുള്ള ജേക്കബ് തോമസിനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാവുമ്പോഴേക്കും ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നതാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം പരിശോധിക്കുന്നത്.

ആവശ്യമെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നെ ജേക്കബ് തോമസിനോട് നേരിട്ട് സംസാരിക്കുമെന്ന് മുതിര്‍ന്ന ആംആദ്മി നേതാവ് വ്യക്തമാക്കി.

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഒരു സൂചന പോലും ഇതുവരെ ജേക്കബ് തോമസ് നല്‍കിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ കേരളത്തിന്റെ പുറത്ത് പോലും വിലയിരുത്തുന്നുണ്ട് എന്നതിന്റെ സൂചനയാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തിലും പ്രവര്‍ത്തനം ശക്തമാക്കാന്‍ കര്‍മ്മ പദ്ധതിക്ക് ആം ആദ്മി പാര്‍ട്ടി രൂപം നല്‍കും.

പഞ്ചാബ്,ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കാണ് ഇപ്പോള്‍ പ്രഥമ പരിഗണനയെന്നതിനാല്‍ അതിന് ശേഷമായിരിക്കും കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിക്കുക.

സാറാ ജോസഫ് മാറിയതിന് ശേഷം ഇപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠനാണ് ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സാരഥി.

പൊതുസമൂഹത്തില്‍ ക്ലീന്‍ ഇമേജുള്ള കൂടുതല്‍ വ്യക്തികളെ കേരളത്തില്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് കൊണ്ട് വരാനും കേന്ദ്ര നേതൃത്വത്തിന് താല്‍പര്യമുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളില്‍ 50,000ല്‍ പരം വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് കന്നി മത്സരത്തില്‍ തന്നെ നേടാനായിരുന്നു.

മൂന്ന് ലക്ഷത്തോളം വോട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയതായാണ് കണക്ക്.

ഏതാനും സീറ്റുകളില്‍ മാത്രം മത്സരിച്ചപ്പോള്‍ തന്നെ ഇത്തരമൊരു നേട്ടം കൊയ്യാന്‍ പറ്റിയതിനാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയുമെന്നും അത് തുടര്‍ന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കുമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍.

പഞ്ചാബില്‍ ഭരണം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് അവകാശപ്പെടുന്നത്.

നിലവില്‍ 4 എംപിമാര്‍ പഞ്ചാബില്‍ നിന്നുള്ളതും ഗുജറാത്തില്‍ സംവരണ പ്രക്ഷോഭകരെ കൂടെ നിര്‍ത്താമെന്നുള്ളതുമാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷയ്ക്ക് ആധാരം.

ഡല്‍ഹിക്ക് പുറമെ ഈ സംസ്ഥാനങ്ങളിലും അട്ടിമറി വിജയം നേടിയാല്‍ അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെജ്‌രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും പ്രസക്തി വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്ക്കൂട്ടല്‍.

Top