ദില്ലി കോര്‍പറേഷൻ പിടിച്ചടക്കി കെജ്രിവാൾ; അവസാനിപ്പിച്ചത് ബിജെപിയുടെ അപ്രമാദിത്തം

ദില്ലി: ദില്ലി മുനിസിപ്പൽ കോർപ്പറേഷനില്‍ 15 വര്‍ഷമായി ബിജെപി തുടരുന്ന അപ്രമാദിത്തം അവസാനിപ്പിച്ച് ആം ആദ്മി പാര്‍ട്ടി. ദില്ലിയില്‍ ഭരണം നിലനിര്‍ത്തുകയും പഞ്ചാബ് പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് കോർപ്പറേഷനിലും ആം ആദ്മി കരുത്ത് കാട്ടിയത്. കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ ശക്തമായി ചെറുത്താണ് അരവിന്ദ് കെജ്രിവാളിന്റെ ഈ മിന്നും വിജയം. രാജ്യമാകെ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് ഫലമായിരുന്നു ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷനിലേത്.

ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ചാണ് ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടി അധികാരം പിടിച്ചെടുത്തത്. ബി ജെ പി104 സീറ്റിലേക്കാണ് വീണത്. ഒമ്പത് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്.

ആംആദ്മി പാർട്ടി രൂപീകരിച്ച് രണ്ടാം കൊല്ലം കൊണ്ടാണ് ദില്ലി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാൾ നേടിയത്. പത്തു കൊല്ലത്തിനു ശേഷം എംസിഡി കൂടി നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി. നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിന്റെ ഭാവി പദ്ധതികൾക്ക് ഊർജ്ജം നല്കും. കെജ്രിവാളിൻറെ ഈ വിജയം ബിജെപി മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ് എംസിഡി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്ര സർക്കാരിനു കീഴിലാക്കിയത്.

ഒരുകാലത്ത് ദില്ലി അടക്കിവാണ കോണ്‍ഗ്രസിന്റെ കാര്യം പരമദയനീയമാണ്. ചില പോക്കറ്റുകളിൽ ഒഴികെ തകർന്നടിയുകയാണ്. തദ്ദേശഭരണ സ്ഥാപനത്തിലേക്കുള്ള മത്സരമാണെങ്കിലും ദേശീയ രാഷ്ട്രീയത്തിനു കൂടി ചില സൂചനകൾ നല്കുന്നതാണ് ദില്ലിയിലെ ഈ ഫലം.

Top