Kejriwal cancels Gujarat visit after state govt refuses permission for venue

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിനുള്ള അനുമതി ആനന്ദി ബെന്‍ പട്ടേല്‍ സര്‍ക്കാര്‍ നിഷേധിച്ചു.ഇതെ തുടര്‍ന്ന് കെജ്‌രിവാള്‍ ഗുജറാത്ത് യാത്ര റദ്ദാക്കി.

കെജ്രിവാള്‍ ആവശ്യപ്പെട്ട വേദിയില്‍ പരിപാടി നടത്താന്‍ ബിജെപി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

സംവരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പാട്ടിദാര്‍ വിഭാഗങ്ങളെ ആം ആദ്മി പാര്‍ട്ടിയുമായി അടുപ്പിക്കുക എന്നതായിരുന്നു കെജ്‌രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശന ലക്ഷ്യം.

സംസ്ഥാനത്ത് ജോലി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സംവരണം വേണമെന്ന അവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പാട്ടിദാര്‍ വിഭാഗം പരമ്പരാഗതമായി ബിജെപിയെ അനുകൂലിക്കുന്നവരാണ്.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് തങ്ങളുടെ അടിത്തറ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്ന ആം ആദ്മി പാര്‍ട്ടി പാട്ടിദാര്‍ വിഭാഗങ്ങങ്ങളുടെ അസന്തുഷ്ടി മുതലാക്കാനുള്ള ശ്രമത്തിലാണ്.

ഇതിന്റെ ഭാഗമായി പാട്ടിദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേലിനെ സന്ദര്‍ശിക്കാനും കെജ്‌രിവാള്‍ ഉദ്ദേശിച്ചിരുന്നു. രാജ്യ ദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പട്ടേല്‍ എട്ട് മാസമായി ജയിലിലാണ്. ഹാര്‍ദ്ദിക്കിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് നേരത്തെ കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു.

Top