മോദിക്കെതിരേ സംസാരിച്ചാല്‍ മുഖ്യമന്ത്രിയെ പോലും ബി.ജെ.പി ഇല്ലാതാക്കും: കെജ്രിവാള്‍

kejriwal

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇനിയും മിണ്ടാതിരിക്കാനാകില്ല. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഏകാധിപത്യത്തിനും എതിരെ ശബ്ദയമുയര്‍ത്തുക തന്നെ ചെയ്യും. മോദിക്കെതിരേ സംസാരിക്കുന്നവരെ ഇല്ലാതാക്കുകയാണ് ബി.ജെ.പി. ചെയ്യുന്നത് സംസ്ഥാന മുഖ്യമന്ത്രിയെപ്പോലും അവര്‍ വെറുതെ വിടില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ തന്നെ ആക്രമിച്ചത് ബി.ജെ.പിയാണെന്ന് ആരോപിച്ചായിരുന്നു കെജ്രിവാള്‍ വിമര്‍ശനം ഉന്നയിച്ചത്.

‘കഴിഞ്ഞ ദിവസം ഒരാള്‍ എന്നെ ആക്രമിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന ഒമ്പതാമത്തെ ആക്രമണമാണിത്. മുഖ്യമന്ത്രി ആയതിന് ശേഷമുള്ള അഞ്ചാമത്തേതും. ഒരു മുഖ്യമന്ത്രിമാരും ഇത്രയധികം അതിക്രമങ്ങള്‍ നേരിട്ടിട്ടുള്ളതായി തോന്നുന്നില്ല. രാജ്യത്ത് ഡല്‍ഹിയില്‍ മാത്രമാണ് ഒരു മുഖ്യമന്ത്രിയുടെ സുരക്ഷ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാകുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയുടെ സുരക്ഷാചുമതല സംസ്ഥാന പോലീസിനാണ്. എന്നാല്‍ ഡല്‍ഹിയില്‍ എന്റെ സുരക്ഷ ബി.ജെ.പി.യുടെ ഉത്തരവാദിത്വമാണ്’- കെജ്രിവാള്‍ പറഞ്ഞു.

അവര്‍ സി.ബി.ഐയെ വിട്ട് എന്റെ ഓഫീസില്‍ റെയിഡ് നടത്തി, ഡല്‍ഹി പൊലീസ് എന്റെ വീട്ടിലും റെയിഡ് നടത്തി. 33 കേസുകള്‍ എനിക്കെതിരേ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെയെല്ലാം അവര്‍ എഎപിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അവര്‍ നടത്തുന്ന ഈ ആക്രമണങ്ങള്‍ എനിക്കെതിരേയല്ല, ഇത് ഡല്‍ഹിക്കെതിരേയുള്ളതാണ്. ഡല്‍ഹിയിലെ ജനങ്ങളാണ് എന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.’- അദ്ദേഹം കുറ്റപ്പെടുത്തി.

‘2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും ആം ആദ്മി പാര്‍ട്ടി നേടിയെടുത്തു. അത് ബി.ജെ.പി.ക്ക് ദഹിച്ചിട്ടില്ല. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ കാര്യത്തിലും ഞങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങളുടെക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. ഇത് അവരെ ഭയപ്പെടുത്തുന്നുണ്ട്. അതാണ് ഈ ആക്രമണങ്ങള്‍ക്ക് കാരണം.’ അദ്ദേഹം ചൂണ്ടിക്കാട്ടി.

Top