മോദിയുടെ പേര് ഉച്ചരിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് അത്താഴം നല്‍കരുതെന്ന് സ്ത്രീകളോട് ആവശ്യപ്പെട്ട് കെജ്രിവാള്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉച്ചരിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് അത്താഴം നല്‍കരുതെന്ന് സ്ത്രീകളോട് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ‘മഹിളാ സമ്മാന്‍ സമരോഹ്’ പരിപാടിയിലാണ് കെജ്രിവാളിന്റെ ആഹ്വാനം. 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ നല്‍കുന്ന പദ്ധതി 2024-25 ലെ ബജറ്റില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ത്രീകളുമായി സംവദിക്കുന്ന പരിപാടി സംഘടിപ്പിച്ചത്.

”നിരവധി പുരുഷന്മാര്‍ ഇന്ന് മോദിയുടെ പേര് ഉച്ചരിക്കുന്നുണ്ട്. നിങ്ങള്‍ വേണം അത് ശരിയാക്കണം. ഭര്‍ത്താക്കന്മാര്‍ മോദിയുടെ നാമം ഉരുവിട്ടാല്‍ അത്താഴം നല്‍കില്ലെന്ന് നിങ്ങള്‍ പറയണം”- മഹിളാ സമ്മാന്‍ സമരോഹ് പരിപാടിയില്‍ കെജ്രിവാള്‍ പറഞ്ഞു. തന്നെയും ആം ആദ്മി പാര്‍ട്ടിയെയും പിന്തുണയ്ക്കുമെന്ന് കുടുംബാംഗങ്ങളോട് സത്യം ചെയ്യാന്‍ സ്ത്രീകള്‍ ആവശ്യപ്പെടണമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ”നിങ്ങളുടെ സഹോദരന്‍ കെജ്രിവാള്‍ മാത്രമേ നിങ്ങളോടൊപ്പം നില്‍ക്കൂ” എന്ന് ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”നിങ്ങള്‍ക്ക് ഞാന്‍ സൗജന്യ വൈദ്യുതി, ബസ് യാത്ര എന്നിവ ഒരുക്കി. ഇപ്പോള്‍ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു. ഇത് എല്ലാം നിങ്ങള്‍ അവരോട് പറയൂ…. അവര്‍ക്കു വേണ്ടി ബിജെപി എന്ത് ചെയ്തു? പിന്നെ എന്തിന് ബിജെപിക്ക് വോട്ട്? ഇത്തവണ കെജ്രിവാളിന് വോട്ട് നില്‍ക്കാന്‍ പറയൂ”- കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ തട്ടിപ്പാണ് നടക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ”പല പാര്‍ട്ടികളും ഒന്നോ രണ്ടോ സ്ത്രീക്ക് പദവികള്‍ നല്‍കിയ ശേഷം തങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപെടുകയാണ്. സ്ത്രീകള്‍ക്ക് സ്ഥാനങ്ങള്‍, പദവി ഇത് ഒന്നും നിഷേധിക്കണം എന്നല്ല ഞാന്‍ പറയുന്നത്, അവര്‍ക്ക് അവര്‍ക്ക് വലിയ സ്ഥാനങ്ങളും ടിക്കറ്റുകളും എല്ലാം ലഭിക്കണം. എന്നാല്‍ മൂന്നോ നാലോ സ്ത്രീകള്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ. ബാക്കിയുള്ള സ്ത്രീകള്‍ക്ക് എന്ത് ലഭിക്കും?” കെജ്രിവാള്‍ ചോദിച്ചു.

Top