കെജരിവാളിന്റെ കുത്തിയിരിപ്പ് സമരത്തില്‍ നിരാഹാര സമരത്തിന്റെ പിന്തുണയുമായി ഉപമുഖ്യമന്ത്രി

delhi

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കുത്തിയിരിപ്പ് സമരത്തില്‍ നിരാഹാര സമരത്തിന്റെ പിന്തുണയുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും. ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വസതിയില്‍ നടക്കുന്ന കെജരിവാളിന്റെ സമരത്തിന് പിന്തുണയുമായി മന്ത്രി സത്യേന്ദ്ര ജെയിന്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. തുടര്‍ന്ന്‌
അദ്ദേഹം നിരാഹാര സമരം തുടങ്ങുകയും ചെയ്തിരുന്നു.

ബുധനാഴ്ച രാവിലെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിസോദിയ നിരാഹാരം തുടങ്ങുന്നതായി അറിയിച്ചത്. ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഐ.എ.എസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ തീരുമാനമാകും വരെ സമരമിരിക്കുമെന്നാണ് കെജ്‌രിവാളും മന്ത്രിമാരും വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സമരം മൂന്നാം ദിനത്തിലേക്ക് കടന്നിട്ടും ലഫ്. ഗവര്‍ണര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ലഫ്. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ പാവയാവുകയാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ അദ്ദേഹത്തിന്റെ വസതി വിട്ടുപോകില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് മന്ത്രിമാരോടൊപ്പം കെജ്‌രിവാള്‍ ലഫ്. ഗവര്‍ണറുടെ വസതിയിലെത്തി മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തു നല്‍കിയത്. തുടര്‍ന്ന് വെയ്റ്റിങ് റൂമിലേക്ക് മാറി കുത്തിയിരിപ്പ് സമരം തുടങ്ങുകയായിരുന്നു. നാലു മാസമായി സര്‍ക്കാറുമായി നിസ്സഹകരണം തുടരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുക, സമരം തുടരുന്നവര്‍ക്കെതിരെ നടപടിയെടുക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കുന്ന പദ്ധതിക്ക് അനുവാദം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച ലഫ്. ഗവര്‍ണറുടെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്താനും തീരുമാനിച്ചു. അതേസമയം, സംസ്ഥാന സര്‍ക്കാറിനെതിരെ ട്വിറ്ററില്‍ ഹാഷ് ടാഗ് കാമ്പയിനുമായി ഐ.എ.എസ് ബോഡി രംഗത്തെത്തി.

Top