ഇടതുപക്ഷത്തിനെതിരായ നീക്കത്തിന് മിന്നൽ വേഗത്തിൽ തടയിട്ട് ഡൽഹി മുഖ്യമന്ത്രി

തൃക്കാക്കരയിൽ ഇടതുപക്ഷത്തിനെതിരെ പരസ്യമായി നിലപാട് പ്രഖ്യാപിക്കാനുള്ള ട്വൻ്റി ട്വൻ്റി നേതാവും കിറ്റക്സ് ഉടമയുമായ സാബു എം ജേക്കബിന്റെ നീക്കത്തിനു തടയിട്ടത് ആം ആദ്മി പാർട്ടി ദേശീയ നേതൃത്വമാണെന്നു സൂചന.സി.പി.എം നേതൃത്വവുമായി ഏറെ അടുപ്പമുള്ള ഡൽഹി മുഖ്യമന്ത്രി കൂടിയായ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാളാണ് സാബു എം ജേക്കബിന്റെ നിലപാടിനെ തള്ളിക്കളഞ്ഞിരിക്കുന്നത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സി.പി.എം നൽകിയ പിന്തുണയാണ് കെജരിവാളിനെ സ്വാധീനിച്ചിരിക്കുന്നത്. മാത്രമല്ല ദേശീയ തലത്തിൽ മൂന്നാം ബദലിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള കെജരിവാളിന് ഇടതുപക്ഷത്തിന്റെ പിന്തുണയും അനിവാര്യമാണ്. ഒരു ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ ഈ ബന്ധം തകർക്കാൻ കെജരിവാളും ആം ആദ്മി പാർട്ടിയും താൽപ്പര്യപ്പെടുന്നില്ലന്നതാണ് യാഥാർത്ഥ്യം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനെ ഡല്‍ഹിയിലെ കേരള ഹൗസില്‍ എത്തി കണ്ട നേതാവാണ് കെജരിവാള്‍. ഇവര്‍ക്കിടയിലെ ആ സൗഹൃദവും ശക്തമാണ്. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഡല്‍ഹി പഞ്ചാബ് സംസ്ഥാനങ്ങളിലെ ഭരണം പിടിച്ചതും അതുകൊണ്ടാണ്. കേരളത്തില്‍ അവര്‍ ശ്രമിക്കുന്നതും പ്രധാനമായും കോണ്‍ഗ്രസ്സിന്റെ ‘സ്‌പെയ്‌സില്‍’ ഇടം കണ്ടെത്താനാണ്. ഇക്കാര്യം വ്യക്തമായി തന്നെ ട്വന്റി ട്വന്റി നേതാക്കളാടും, ആം ആദ്മി പാര്‍ട്ടി നേതൃത്വം തുറന്നു പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് ‘മനസ്സാക്ഷി വോട്ട് ‘ എന്ന നിലയിലേക്ക് ഇപ്പോള്‍ ജനക്ഷേമസഖ്യം എത്തിയിരിക്കുന്നത്. കെജരിവാളിന്റെ കൂടി അനുവാദത്തോടെ തന്നെയാണ് ഈ തീരുമാനവും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13,897 വോട്ടുകളാണ് ട്വന്റി ട്വന്റി നേടിയിരുന്നത്.2014-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കര ഉൾപ്പെടുന്ന എറണാകുളം മണ്ഡലത്തിൽ നിന്നും അര ലക്ഷത്തിൽ അധികം വോട്ടുകൾ ആം ആദ്മി പാർട്ടിയും നേടിയിട്ടുണ്ട്. ഇപ്പോഴും മണ്ഡലത്തിൽ നിർണ്ണായക സ്വാധീനമുണ്ടെന്നാണ് ഇരു പാർട്ടികളും അവകാശപ്പെടുന്നത്. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13, 897 വോട്ടുകൾ നേടിയിട്ടും ഉപതിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയെ നിർത്താതിരുന്നത് രാഷ്ട്രിയ നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതിനു രണ്ടു കാരണങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടപ്പെടുന്നത്. അതിൽ ഒന്ന്… “കഴിഞ്ഞ തവണ നേടിയ വോട്ടുകൾ പോലും ലഭിക്കില്ലന്ന തിരിച്ചറിവാണ് എന്നതാണ്.

‘പ്രതിപക്ഷ വോട്ട് ഭിന്നിപ്പിച്ച് ഇടതിന് ഗുണമാക്കേണ്ടതില്ല എന്ന അജണ്ട” ആകാമെന്നതാണ് മറ്റൊരു വിലയിരുത്തല്‍. കിറ്റക്‌സ് മുതലാളിക്ക് ഇടതുപക്ഷത്തിനോടുള്ള കലിപ്പ് തിരിച്ചറിയുമ്പോള്‍ രണ്ടാമത്തേതിനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ആം ആദ്മി പാര്‍ട്ടി സഖ്യത്തില്‍ ചേര്‍ന്നതോടെ കിറ്റക്‌സ് മുതലാളി സാബു എം ജേക്കബിന്റെ കണക്കു കൂട്ടലുകള്‍ കൂടിയാണ് തെറ്റിയിരിക്കുന്നത്. അദ്ദേഹത്തിനു ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. സര്‍ക്കാറിനെതിരെ… വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യാന്‍ വെമ്പിയ നാവാണ് ഇപ്പോള്‍, ‘മനസാക്ഷി വോട്ടിനു’ ആഹ്വാനം ചെയ്തിരിക്കുന്നത്.ജനക്ഷേമസഖ്യത്തിലെ ആം ആദ്മി പാര്‍ട്ടി ‘ആധിപത്യം’ പ്രകടമാക്കുന്ന തീരുമാനം കൂടിയാണിത്. രാഷ്ട്രീയ നിരീക്ഷകരും അങ്ങനെയാണ് വിലയിരുത്തുന്നത്.

അതേസമയം പ്രചരണം അവസാന റൗണ്ടിലേക്ക് കടന്നതോടെ തൃക്കാക്കരയുടെ പിരിമുറുക്കവും കൂടുതൽ വർദ്ധിച്ചിട്ടുണ്ട്. മൂന്നു മുന്നണികളും ശക്തമായി തന്നെയാണ് രംഗത്തുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15,483 വോട്ടുകളാണ് ബി.ജെ.പി നേടിയിരുന്നത്.ഇത്തവണ വോട്ടുകൾ വലിയ രുപത്തിൽ വർദ്ധിക്കുമെന്നതാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. ബി.ജെ.പി അധികമായി പിടിക്കുന്ന വോട്ടുകൾ ഏതു പെട്ടിയിൽ നിന്നു പോകുമെന്നതും അന്തിമ വിധിയെഴുത്തിൽ നിർണ്ണായക ഘടകമായി മാറും. പി.ടി തോമസ് വിജയിച്ചത് 14, 329 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. അദ്ദേഹത്തിനു ആകെ ലഭിച്ച വോട്ട് 59, 839 ആണ്. ഇടതുപക്ഷത്തിന് ലഭിച്ചതാകട്ടെ 45, 510 വോട്ടുകളാണ്. ഇത്തവണ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതിന്റെ ഗുണം കൂടി ലഭിക്കുമെന്നതാണ് സി.പി.എമ്മിന്റെ ഉറച്ച കണക്കുകൂട്ടൽ. പി.ടിയുടെ ഭാര്യ ഉമ തോമസും ഇടതു സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫും തൃക്കാക്കരയെ ഏറെ അടുത്തറിയുന്നവരാണ്.

ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണനും മണ്ഡലത്തിന് വളരെ സുപരിചിതനാണ്. ഇതു തന്നെയാണിപ്പോള്‍ പ്രവചനവും അസാധ്യമാക്കിയിരിക്കുന്നത്. മൂന്നു മുന്നണികളുടെയും സംസ്ഥാന നേതാക്കള്‍ ഒന്നാകെ തൃക്കാക്കരയിലാണ് തമ്പടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും എം.എല്‍.എമാരും പ്രതിപക്ഷനേതാവും മുതല്‍ മുന്‍ മുഖ്യമന്ത്രി വരെ സജീവമായി പ്രചരണത്തിലുണ്ട്. ഇലക്ഷന്‍ കമ്മിഷന്റെ കണക്കുകൂട്ടല്‍ പ്രകാരം പോളിങ്ങ് ശതമാനവും വര്‍ദ്ധിക്കാനാണ് സാധ്യത. എത്ര ശക്തമായ മഴ ഉണ്ടായാലും പ്രളയം തന്നെ സംഭവിച്ചാലും അവസാന വോട്ടറെയും പോളിങ് സ്റ്റേഷനില്‍ എത്തിക്കാനാണ് നീക്കം. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികളും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.തൃക്കാക്കരയുടെ വിധി എന്തു തന്നെ ആയാലും, അത് … രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകം തന്നെയായിരിക്കും….

 

EXPRESS KERALA VIEW

 

 

Top