വികസന നയത്തില്‍ തെറ്റി; കീഴാറ്റൂരില്‍ സര്‍ക്കാരിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

cpim

കണ്ണൂര്‍: വികസന നയത്തിന്റെ പേരില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തും സി.പി.എമ്മും തമ്മില്‍ തര്‍ക്കം മുറുകുന്നു. പരിഷത്തിന്റെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് ഇടതുസര്‍ക്കാരിന്റെ പ്രവര്‍ത്തനം.

അതേസമയം, കീഴാറ്റൂര്‍ പ്രശ്നത്തില്‍ പരിഷത്തിന്റേത് അവസരവാദ സമീപനമാണെന്ന് സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗവും തളിപ്പറമ്പ് എം.എല്‍.എ.യുമായ ജെയിംസ് മാത്യു കുറ്റപ്പെടുത്തിയിരുന്നു. പരിഷത്ത് എന്നത് കീഴാറ്റൂര്‍ ശാസ്ത്രസാഹിത്യ പരിഷത്തായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്നത്തില്‍ പരിഷത്തിന്റെ സമീപനത്തോട് യോജിപ്പില്ലെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനും പറഞ്ഞിരുന്നു.

കീഴാറ്റൂര്‍ സമരത്തെ പരിസ്ഥിതി ഭീകരവാദം എന്നാണ് സി.പി.എം. വിലയിരുത്തുന്നത്. പരിഷത്താകട്ടെ സമരത്തിലില്ലെങ്കിലും കീഴാറ്റൂരിലൂടെ ബൈപ്പാസ് നിര്‍മിക്കുന്നത് കടുത്ത പാരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന് പറഞ്ഞ് സമരത്തിന് ഇന്ധനം പകരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് പോലും സി.പി.എമ്മിന്റെ ഭാഗത്തുനില്‍ക്കുമ്പോള്‍ 90 ശതമാനവും പാര്‍ട്ടി അനുഭാവികളെ ഉള്‍ക്കൊള്ളുന്ന പരിഷത്ത് എതിര്‍ ചേരിയിലാവുന്നത് പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്

പരിഷത്താകട്ടെ, 2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരേ അതിശക്തമായാണ് നീങ്ങുന്നത്. ഏപ്രില്‍ നാലിന് ഓര്‍ഡിനന്‍സ് നിയമസഭയുടെ പരിഗണനയ്ക്കുവരും. അന്ന് തിരുവനന്തപുരത്ത് നിയമസഭാമാര്‍ച്ചും ജനസഭയും സംഘടിപ്പിക്കാനാണ് പരിഷത്തിന്റെ തീരുമാനം. സംസ്ഥാനതലത്തില്‍ തന്നെ സര്‍ക്കാര്‍ നയത്തിനെതിരേ പരിഷത്ത് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

സര്‍ക്കാരിന്റെ നവകേരളനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വെറും ഉദ്യോഗസ്ഥ കേന്ദ്രീകരണമാണെന്ന് പരിഷത്തിന് അഭിപ്രായമുണ്ട്. ഹരിതകേരളം ഉള്‍പ്പെടെ നാലുമിഷന്റെ പ്രവര്‍ത്തനത്തിലും സംഘടന വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ബൈപ്പാസ്, ഉള്‍നാടന്‍ജലപാത. ദേശീയപാത വീതികൂട്ടല്‍ തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടിതന്നെ പരസ്യമായി രംഗത്തിറങ്ങുമ്പോള്‍ എതിര്‍ക്കാന്‍ തന്നെയാണ് പരിഷത്തിന്റെ തീരുമാനം.

Top