കേസ് നടത്തിപ്പിനുവേണ്ടി പിച്ചതെണ്ടല്‍ സമരത്തിനൊരുങ്ങി കീഴാറ്റൂര്‍ വയല്‍ക്കിളികള്‍

Keezhattoor

തളിപ്പറമ്പ് : കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തില്‍ പങ്കെടുത്തവരുടെ പേരില്‍ പിഴശിക്ഷ ഉള്‍പ്പെടെ ചുമത്തിയ പൊലീസ് നീക്കത്തിനെതിരെ ഭിക്ഷാടന സമരവുമായി വയല്‍ക്കിളി പ്രവര്‍ത്തകര്‍ രംഗത്ത്.

കേസ് നടത്തിപ്പിനുവേണ്ടി പണം സ്വരൂപിക്കാന്‍ തളിപ്പറമ്പ് ടൗണില്‍ പിച്ചതെണ്ടല്‍ സമരം നടത്താനാണ് വയല്‍ക്കിളികളുടെയും ഐക്യദാര്‍ഢ്യ സമിതിയുടെയും തീരുമാനം. ജനകീയ സമരത്തെ ഇത്തരത്തില്‍ നേരിടുന്നതിനെതിരെയാണു പ്രതിഷേധിക്കുന്നതെന്നു വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്കെതിരെ 25നു വൈകിട്ട് കീഴാറ്റൂര്‍ വയലില്‍ പ്രതിഷേധാഗ്‌നി ഒരുക്കുമെന്നും സമരക്കാര്‍ അറിയിച്ചു.

ദേശീയപാത ബൈപ്പാസിനു കീഴാറ്റൂരിലെ വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്തതിനാണ് 49 വയല്‍ക്കിളി പ്രവര്‍ത്തകര്‍ക്കെതിരെയും ഏഴു സമര ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നത്.

റവന്യു ജീവനക്കാരെ തടയല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഐപിസി 143, 147, 186 , 149 വകുപ്പുകളനുസരിച്ചാണു കേസ്. മാര്‍ച്ച് 14നു നടന്ന സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ ഡീസല്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജൂലായ് മൂന്നിനു ഹാജരാവാന്‍ സമരക്കാര്‍ക്കു നോട്ടിസ് ലഭിച്ചിട്ടുണ്ട്.

Top