കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറുന്നു

vayalkili

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്‍മാറുന്നു. ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരമുഖത്ത് നിന്നും വയല്‍ക്കിളികള്‍ പിന്മാറുന്നത്. സമര രംഗത്തുളളവര്‍ ഭൂമി ഏറ്റെടുക്കലിന് രേഖകള്‍ കൈമാറി. രേഖകള്‍ കൈമാറിയവരില്‍ സുരേഷ് കീഴാറ്റൂരിന്റെ മാതാവും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്നാണ് വയല്‍ക്കിളികള്‍ പറയുന്നു.ദേശീയതലത്തിലും ഏറെ ശ്രദ്ധയാകര്‍ഷിച്ച കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിനു സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നൂറു മീറ്റര്‍ പോലും വീതിയില്ലാത്ത വയല്‍ നികത്തി ദേശീയപാത നിര്‍മിച്ചാല്‍ അതു പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്നും ബദല്‍ മാര്‍ഗങ്ങള്‍ ചിന്തിക്കണമെന്നുമായിരുന്നു സമിതി കേന്ദ്ര സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. കീഴാറ്റൂരില്‍ ഒന്‍പത് ഹെക്ടര്‍ വയല്‍ ഉള്‍പ്പെടെ 12.22 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്.

തളിപ്പറമ്പ് വഴി കടന്നു പോകുന്ന ദേശീയപാത 45 മീറ്ററാക്കി വീതി കുടൂമ്പോള്‍ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയും മറ്റു പ്രശ്‌നങ്ങളും ഒഴിവാക്കാനായാണ് ബൈപ്പാസ് റോഡിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിച്ചത്. തുടര്‍ന്ന് നടത്തിയ പഠനങ്ങള്‍ക്കും സര്‍വ്വേക്കും ഒടുവില്‍ കുപ്പം-കീഴാറ്റൂര്‍-കൂവോട്-കുറ്റിക്കോല്‍ വഴി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറായി.

എന്നാല്‍ ഈ പാത വഴി ബൈപ്പാസ് നിര്‍മ്മിച്ചാല്‍ നൂറോളം വീടുകള്‍ പൊളിക്കേണ്ടി വരുമെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് പാതയുടെ അലൈന്‍മെന്റ് കീഴാറ്റൂരിലെ വയല്‍ വഴി പുനര്‍നിര്‍ണയിച്ചു. പുതിയ പാതയിലൂടെ ബൈപ്പാസ് വന്നാല്‍ മുപ്പതോളം വീടുകള്‍ മാത്രം പൊളിച്ചാല്‍ മതിയെന്നായിരുന്നു ഇതിനുള്ള പ്രധാനകാരണം. എന്നാല്‍ ബൈപ്പാസ് പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോയതോടെ കീഴാറ്റൂര്‍ കേന്ദ്രീകരിച്ച് ബൈപ്പാസിനെതിരെ സമരം ആരംഭിക്കുകയായിരുന്നു.

Top