ടൊവിനൊയുടെ നായികയായി കീര്‍ത്തി സുരേഷ്; ‘വാശി’ ചിത്രീകരണം തുടങ്ങുന്നു

ടൊവിനൊ നായകനാകുന്ന പുതിയ ചിത്രമാണ് ‘വാശി’. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ‘വാശി’ എന്ന ചിത്രം കുറച്ചുനാള്‍ മുമ്പ് പ്രഖ്യാപിച്ചതാണ്. എന്തായാലും കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന് തുടക്കമായിരിക്കുകയാണ് ഇപോള്‍.

പൂജ ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമായതായി ടൊവിനൊ തോമസ് തന്നെയാണ് അറിയിച്ചത്. രേവതി കലാമന്ദിര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛന്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് ‘വാശി’യിലൂടെ. നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്ണു ജി രാഘവ് വാശി സംവിധാനം ചെയ്യുന്നു.

ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണന്‍ ആണ്. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നു. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്നു.

പുത്തന്‍ പ്രതീക്ഷകളോടെ ചിത്രം തുടങ്ങിയിരിക്കുകയാണ് എന്നാണ് ടൊവിനൊ തോമസ് അറിയിച്ചിരിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘വാശി’ എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

Top