കവര്‍ച്ചാ ശ്രമം; കൊള്ളസംഘത്തിന്റെ വെടിയേറ്റ് മുംബൈയില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു

Man shot

മുംബൈ: ബാങ്ക് കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മലയാളിയായ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലാണ് സംഭവം നടന്നത്. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശി സജു സാമുവലാണ് മരിച്ചത്.ആക്രമണത്തില്‍ മറ്റൊരു മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

നാസികിലെ ഉന്തുവാടി ഏരിയയില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവമുണ്ടായത്. ബാങ്കിലേക്ക് ഇരച്ച് കയറിയ നാലംഗ കവര്‍ച്ചാ സംഘം ബാങ്കിലുണ്ടായിരുന്ന ഇടപാടുകാരെയും ജീവനക്കാരെയും തുരുതുരെ വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. പിന്നാലെ ബാങ്കില്‍ സൂക്ഷിച്ചിരുന്ന പണവുമായി സംഘം രക്ഷപ്പെട്ടു.

മുംബൈയില്‍ ജോലി ചെയ്യുന്ന സജു ഓഡിറ്റിംഗിന്റെ ഭാഗമായി നാസിക്കിലെ ശാഖയിലെത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. നാസിക്കിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മുംബയിലെത്തിച്ച് എംബാം ചെയ്ത ശേഷം നാളെ നാട്ടിലെത്തിക്കും. ബാങ്കില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു സജു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Top