വേട്ടയാടാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഇസ്മയില്‍; സുധാകര്‍ റെഡ്ഡിക്ക് പരാതി നല്‍കി

മലപ്പുറം: സിപിഐ കേന്ദ്രനേതൃത്വത്തിനെതിരെ പരാതിയുമായി സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.ഇ ഇസ്മയില്‍ രംഗത്ത്. സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ഇസ്മയില്‍ സുധാകര്‍ റെഡ്ഡിക്ക് പരാതി നല്‍കി. കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമ്മേളനത്തിന്റെ ഭാഗമാക്കിയതിനെതിരെയാണ് ഇസ്മയില്‍ പരാതി നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട് സമ്മേളനത്തിന്റെ ഭാഗമാക്കിയത് അനാവശ്യമാണ്, പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും ഇസ്മയില്‍ കുറ്റപ്പെടുത്തി. അതേസമയം, സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിനോട് പരസ്യപ്രതികരണത്തിനില്ലെന്നും ഇസ്മയില്‍ വ്യക്തമാക്കി.

ഇസ്മയിലിനെതിരേ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാവായ കെ.ഇ.ഇസ്മയില്‍ പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി. പാര്‍ട്ടി നേതാക്കള്‍ക്കു നിരക്കാത്ത വിധം ആഡംബര ഹോട്ടലില്‍ താമസിച്ചു. വിഷയത്തില്‍ വസ്തുതകള്‍ വിശദീകരിക്കാന്‍ പോലും അദ്ദേഹം തയാറായില്ല എന്നിങ്ങനെയാണ് ഇസ്മയിലിനെതിരായ കുറ്റപത്രത്തിലെ ആരോപണങ്ങള്‍.

നേരത്തെ തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയെ പ്രതിരോധത്തിലാക്കി ഇസ്മയില്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു.

Top