കെ ഇ ഇസ്മയില്‍ പക്ഷത്തെ വെട്ടി നിരത്തി; പാലക്കാട് സിപിഐയ്ക്കുള്ളില്‍ വിഭാഗീയത തുടരുന്നു

ke-ismail

പാലക്കാട് സിപിഐയ്ക്കുള്ളില്‍ വിഭാഗീയത തുടരുന്നു. ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് കെ ഇ ഇസ്മയില്‍ പക്ഷത്തെ വെട്ടി നിരത്തി. പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിന്റെ ഇഷ്ടക്കാരെ ജില്ലാ എക്‌സിക്യൂട്ടീവിലേക്ക് തിരുകി കയറ്റിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായത്.

സംസ്ഥാന കമ്മിറ്റി അംഗം ജോസ് ബേബി ഉള്‍പ്പെടെയുള്ളവരെയാണ് എക്‌സിക്യൂട്ടീവില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. പകരം ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിന്റെ ഇഷ്ടക്കാരായ നൗഷാദ് മണ്ണാര്‍ക്കാട്, പി കബീര്‍ തുടങ്ങിയവരെ ജില്ലാ എക്‌സിക്യൂട്ടീവിലേക്ക് തിരുകി കയറ്റിയെന്നാണ് ആരോപണം. പുതുതായി ജില്ലാ കൗണ്‍സിലിലേക്ക് എത്തിയവരെ പോലും എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയെന്നും ഇത് കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇസ്മയില്‍ പക്ഷം ആരോപിക്കുന്നു.

കെ പി സുരേഷ് രാജിന് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നാലാമത് അവസരം നല്‍കിയതിനെതിരെ ജില്ലയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇതിനിടയിലാണ് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ പങ്കെടുത്ത ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഭാഗീയത ഉടലെടുത്തത്. ജില്ലാ സെക്രട്ടറി തന്നെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് എതിരെ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

Top