ഹര്‍ത്താല്‍ ഭക്തരോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയുടെ പേരില്‍ സംഘപരിവര്‍ സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ ഭക്തരോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തുലാം ഒന്ന് ഇത്തവണ മഹാനവമി കൂടിയായിരുന്നു. എന്നാല്‍ അന്നും ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തി. ഇത് ഭക്തരെയും വല്ലാതെ വലച്ചു. ഇന്നും കടകളും മറ്റും അടയ്ക്കുന്നു. അയ്യപ്പഭക്തരുടെ വാഹനമടക്കം തടയുന്നു.ഭക്തരുടെ സംരക്ഷണമല്ല, അവരോടുള്ള യുദ്ധപ്രഖ്യാപനമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ക്കുള്ളത്. ഇതെല്ലാം സംഘപരിവാര്‍ സംഘടനകളുടെ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം തുറന്നടിച്ചു.

“ശശികല നാട്ടില്‍ നടന്ന് വര്‍ഗ്ഗീയ വിഷം ചീറ്റുന്നു. വനിത എന്ന രീതിയില്‍ അവരുടെ നാവില്‍ നിന്ന് വരാന്‍ പാടില്ലാത്തതാണ് അവരുടെ നാവില്‍ നിന്ന് വരുന്നത്. വര്‍ഗ്ഗീയ വിഷം ചീറ്റാനുള്ള സ്വാതന്ത്രം അവര്‍ക്കുണ്ട്, അത് അവര്‍ വളരെ നന്നായി ഉപയോഗിക്കുന്നു. ശബരിമലയില്‍ ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനാണ് ശശികല ശ്രമിക്കുന്നത്. ശബരിമലയില്‍ രക്തച്ചൊരിച്ചില്‍ നടത്തുകയാണ് അവരുടെ ലക്ഷ്യം. ഏത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസത്തിനിടെ നാല് തവണ ശശികല ശബരിമല സന്ദര്‍ശിച്ചത്? ഇതെല്ലാം കൃത്യമായ അജണ്ടയുടെ ഭാഗമാണ്” മന്ത്രി വ്യക്തമാക്കി.

ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങളില്‍ ഇളവ് വേണമെന്നും. ഇക്കാര്യം പോലീസ് മേധാവിയുമായി സംസാരിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി അറിയിച്ചു.

Top