കെസിആർ ദേശിയ രാഷ്ട്രീയത്തിലേക്ക്

തെലങ്കാന രാഷ്ട്ര സമിതിയെ ഭാരതീയ രാഷ്ട്ര സമിതി എന്ന പേരിൽ ദേശീയ പാര്‍ട്ടിയാക്കി പ്രഖ്യാപിക്കാൻ ഒരുങ്ങി കെസിആർ. തെലങ്കാന മോഡല്‍ വികസനം രാജ്യമെങ്ങും എന്ന ആഹ്വാനവുമായി ദേശീയ തലത്തിൽ പ്രചാരണം നടത്താനാണ് പദ്ധതി. ഞായറാഴ്ച മുതിര്‍ന്ന പാർട്ടി നേതാക്കള്‍ക്ക് മുന്നില്‍ കര്‍മ്മപദ്ധതി കെസിആര്‍ നേരിട്ട് അവതരിപ്പിക്കും.

പാര്‍ട്ടി പ്രഖ്യാപനം വിപുലമായ പരിപാടികളുമായി നടത്താനാണ് നീക്കം. കോണ്‍ഗ്രസ് ഒഴികെ മറ്റ് ദേശീയ, പ്രാദേശിക പാര്‍ട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കാനും ആലോചനയുണ്ട്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ ടിആര്‍എസ് പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസില്ലാത്ത ഫെഡറല്‍ മുന്നണി എന്നതാണ് ടിആര്‍എസ് ആശയം. ദേവഗൗഡ, അണ്ണാഹസാരെ, അഖിലേഷ് യാദവ്, ഹേമന്ദ് സോറന്‍ തുടങ്ങിയവരെ വസതിയിലെത്തി നേരത്തെ കെസിആര്‍ കണ്ടിരുന്നു. പിണറായി വിജയന്‍, സീതാറാം യെച്ചൂരി അടക്കമുള്ള സിപിഎം നേതാക്കള്‍ തെലങ്കാന സന്ദര്‍ശന സമയത്ത്‌ കെസിആറിന്‍റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്‍ ടി രാമറാവുവിനും വൈഎസ്ആറിനും ജയലളിതയ്ക്കും ശേഷം തെക്കേന്ത്യയില്‍ ദേശീയ ശ്രദ്ധ ലഭിച്ച മറ്റൊരു മുഖ്യമന്ത്രിയില്ലെന്ന് ടിആര്‍എസ് അവകാശപ്പെടുന്നത്. മകന്‍ കെ ടി രാമറാവുവിന് സംസ്ഥാന നേതൃത്വത്തിന്‍റെ പൂര്‍ണ ചുമതല നല്‍കും. അതേസമയം, മതാ ബാനർജി ഇന്നലെ വിളിച്ച യോഗം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിലേക്കുള്ള സൂചനയായി. മൊത്തം 17 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി പി എം, സി പി ഐ, മുസ്ലിം ലീഗ്, ആർ എസ്‍ പി, സമാജ്‍വാദി പാർട്ടി, ആർ എൽ ഡി, ശിവസേന, എൻ സി പി, ഡി എം കെ, പി ഡി പി, എൻ സി, ആർ ജെ ഡി, ജെ ഡി എസ്, ജെ എം എം, സി പി ഐ എം എൽ എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. എന്നാൽ ടി ആർ എസ്, എ എ പി, ബി ജെ ഡി, അകാലിദൾ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല.

Top