വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് 5 കോടി നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ചുകോടി രൂപ നല്‍കാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍.

മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കുടുംബത്തിന് വീടുവെക്കാന്‍ ഭൂമിയും സന്തോഷിന്റെ ഭാര്യക്ക് ജോലിയും നല്‍കുമെന്നും സന്തോഷിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയാണ് കേണല്‍ സന്തോഷ് ബാബു. സ്വദേശത്തെത്തിച്ച മൃതദേഹം വ്യാഴാഴ്ച പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കരിച്ചത്. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരടക്കമുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കേന്ദ്ര സര്‍ക്കാറിനു പുറമെ സംസ്ഥാന സര്‍ക്കാറുകളും സൈനികരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ രംഗത്തുവരണമെന്നും രാജ്യം മുഴുവന്‍ തങ്ങളെ പിന്തുണക്കാനുണ്ടെന്ന തോന്നല്‍ അതുവഴി കുടുംബങ്ങള്‍ക്ക് ലഭിക്കുമെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു. കേണല്‍ സന്തോഷ് ബാബുവിനൊപ്പം ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മറ്റു 19 സൈനികരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം തെലങ്കാന സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Top