വിറ്റുവരവിലും ഉല്‍പാദനത്തിലും റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കെ.സി.സി.എല്‍

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉല്‍പാദനത്തിലും വിറ്റുവരവിലും റെക്കോര്‍ഡ് നേട്ടം കൈവരിച്ച് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്‌സ് ലിമിറ്റഡ് (കെ.സി.സി.എല്‍).2019-20ല്‍ 64.15 കോടി രൂപയുടെ ഉല്‍പാദനം നടത്തിയ സ്ഥാപനം 70.09 കോടി രൂപയുടെ വിറ്റുവരവും നേടി. ഒപ്പം രണ്ട് കോടി രൂപയുടെ ചരിത്രത്തിലെ ഉയര്‍ന്ന ലാഭവും കൈവരിച്ചു.

രൂപീകരിച്ചതിന് ശേഷം തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന സ്ഥാപനം കഴിഞ്ഞ മൂന്ന് വര്‍ഷമായി ലാഭത്തിലാണ്.നഷ്ടത്തിലായിരുന്ന നാല് കെല്‍ട്രോണ്‍ കമ്പനികള്‍ ലയിപ്പിച്ചാണ് 2009-10ല്‍ കണ്ണൂരില്‍ കെ.സി.സി.എല്‍ രൂപീകരിച്ചത്. 2017-18 വരെ നഷ്ടത്തിലായിരുന്നു. ചരിത്രത്തില്‍ ആദ്യമായി 2017-18ല്‍ 52 ലക്ഷം രൂപയൂടെ ലാഭം കൈവരിച്ചു. ഒപ്പം 56 കോടി രൂപയുടെ ഉല്‍പാദനവും 63.48 കോടി രൂപയുടെ വിറ്റുവരവും നേടി.

2018-19ല്‍ 1.92 കോടിയായി ലാഭം ഉയര്‍ത്തി. 63.52 കോടിയുടെ ഉല്‍പ്പാദനവും 68.45 കോടി രൂപയുടെ വിറ്റുവരവും സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും പ്രതിരോധ മേഖലയില്‍ നിന്നുള്ള ഓര്‍ഡറുകളുമാണ് സ്ഥാപനത്തെ നേട്ടത്തിലെത്തിച്ചത്. വിവിധതരം കപ്പാസിറ്ററുകള്‍, റസിസ്റ്റര്‍, ക്രിസ്റ്റല്‍സ് എന്നിവയാണ് സ്ഥാപനത്തില്‍ നിര്‍മിക്കുന്നത്. പ്രതിരോധ, ബഹിരാകാശ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്ന സൂപ്പര്‍ കപ്പാസിറ്ററുകളുടെയും ചിപ് കപ്പാസിറ്ററുകളുടെയും ഉല്‍പാദനത്തിന് തയ്യാറെടുക്കുകയാണ് സ്ഥാപനം.

Top