ബാറുകളുടെ ദൂര പരിധി കുറച്ചതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കെസിബിസി

കോട്ടയം: ദേവാലയങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സമീപത്തെ മദ്യശാലകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ നിലപാടിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കെസിബിസി.

പെട്രോള്‍ പമ്പിന്റെ മാതൃകയില്‍ സ്‌കൂളിന്റെ മുന്‍പില്‍ ബിയര്‍ വൈന്‍ പമ്പ് സ്ഥാപിച്ചായിരുന്നു പ്രതിഷേധം.

കോട്ടയം പാലായില്‍ നടന്ന പ്രതിഷേധത്തില്‍ പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ പങ്കെടുത്തു.

ആരാധാനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മദ്യശാലയ്ക്ക് വേണ്ട ദൂരപരിധി 200-ല്‍ നിന്നും 50 മീറ്ററായി കുറച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് കെസിബിസി ബിയര്‍വൈന്‍ പമ്പ് മോക്ഡ്രില്‍ നടത്തിയത്.

ടൂറിസം വികസന മദ്യ പമ്പ് എന്ന പേരില്‍ പാല സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുന്‍പില്‍ പമ്പ് സ്ഥാപിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന്റെ ഭാഗമായി അടുത്ത 12-ാം തിയതി മുതല്‍ തിരുവന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ മഹാജന സമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. കൂടാതെ സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനും കെസിബിസി ആലോചിക്കുന്നുണ്ട്.

Top