സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ചത് നല്ല ഉദ്ദേശത്തില്‍ എടുക്കുന്നു; കെസിബിസി

കോട്ടയം: സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ചത് അംഗീകരിച്ച് കെസിബിസി. പ്രസ്താവന പിന്‍വലിച്ചത് നല്ല ഉദ്ദേശത്തില്‍ എടുക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു. ആവശ്യമില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചതാണ് വിഷമം ഉണ്ടാക്കിയത്. അത് പിന്‍വലിച്ചു നല്ലതാണെന്നും മാര്‍ ക്ലിമിസ് കത്തോലിക്ക ബാവ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അദ്ദേഹത്തന്റെ രാഷ്ട്രീയം അദ്ദേഹത്തിന് പറയാമല്ലൊ. പക്ഷെ ആവശ്യമില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചതാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. അത് പിന്‍വലിച്ചു. നാളെത്തെ പരിപാടിയില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മണിക്കൂറുകള്‍ ഇനിയുമുണ്ടല്ലൊ, നാളെ ജീവിച്ചിരിക്കുമെങ്കില്‍ കാണാമല്ലൊ എന്നും ബിഷപ്പ് മറുപടി പറഞ്ഞു.

സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലിമിസ് കത്തോലിക്ക ബാവ അറിയച്ചതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാന്‍ തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായി പറഞ്ഞത്. ആര്‍ക്കെങ്കിലും പ്രയാസമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.

കേക്കും വീഞ്ഞും പരാമര്‍ശം പിന്‍വലിക്കുന്നു. മണിപ്പൂര്‍ വിഷയത്തിലെ തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല. അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ക്രിസ്ത്യന്‍ സമുദായത്തിനെതിരെ നടന്നിട്ടുളള അതിക്രമങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു സജി ചെറിയാന്‍ പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിച്ചത്.

Top