അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കലൂര്‍ സ്റ്റേഡിയം അനുവദിക്കണം: കെ.സി.എ

കൊച്ചി: കലൂര്‍ സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ). കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് അസോസിയേഷന്‍ ഈ ആവശ്യമുന്നയിച്ചത്.

കലൂര്‍ സ്റ്റേഡിയം ജി.സി.ഡി.എ കേരള ക്രിക്കറ്റ് അസോസിയേഷന്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെ.സി.എ ഏകദേശം 11 കോടിയോളം മുടക്കുകയും ചെയ്തു. കൂടാതെ ഒരു കോടി രൂപ ജി.സി.ഡി.എക്ക് ഡെപ്പോസിറ്റായും നല്‍കി. അതേസമയം, ഐ.എസ്.എല്‍ ആരംഭിച്ചശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. കൊച്ചി സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജി.സി.ഡി.എക്ക് കത്ത് നല്‍കിയിട്ടുണ്ട്.

കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരുപോലെ നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കേ മലബാറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല, ഐ.എസ്.എല്‍ വരുന്നതിന് മുമ്പ് സ്റ്റേഡിയം പരിപാലിച്ചിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കലൂര്‍ സ്റ്റേഡിയം അനുവദിക്കണമെന്ന് ജി.സി.ഡി.എയോട് ആവശ്യപ്പെടുന്നത്.

Top