സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സമ്മാനം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരേ സെഞ്ചുറി നേടിയ കേരള ക്രിക്കറ്റ് ടീം ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) സമ്മാനം. 54 പന്തുകളില്‍ നിന്നും 137 റണ്‍സെടുത്ത അസ്ഹറുദ്ദീന് ഓരോ റണ്ണിനും 1000 രൂപ വെച്ച് 1.37 ലക്ഷം രൂപയാണ് കെ.സി.എ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് കെ.സി.എ ഇക്കാര്യം അറിയ്യിച്ചത്‌. 11 സിക്സുകളും 9 ഫോറുകളുമടക്കമാണ് താരത്തിന്റെ സെഞ്ചുറി. 37-ാം പന്തിലായിരുന്നു സെഞ്ചുറി.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചുറിയും ടൂർണമെന്റിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും ആണിത്. ഇത്തവണത്തെ സീസണില്‍ മണിപ്പൂരിനെതിരെ മേഘാലയയ്ക്കായി 149 റണ്‍സ് നേടിയ പുനീത് ബിഷ്താണ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോറിനുടമ. മുംബൈയ്ക്കെതിരേ എട്ടുവിക്കറ്റിനാണ് കേരളം ജയം സ്വന്തമാക്കിയത്.

Top