രാഹുൽ ഗാന്ധിക്കെതിരായ കേസുകൾക്ക് പിന്നിൽ പ്രധാനമന്ത്രിയും ആർഎസ്എസുമാണെന്ന് കെസി

ദില്ലി : രാഹുൽ ഗാന്ധിക്കെതിരായ എല്ലാ കേസുകൾക്കും പിന്നിൽ പ്രധാനമന്ത്രിയും ആർ എസ് എസുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോലാര്‍ പ്രസംഗത്തിലെ അപകീർത്തി പരാമർശ കേസിൽ അപ്പീൽ നൽകുന്നതിനായി നാളെ ഉച്ചക്ക് ശേഷം രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകുമെന്നും വേണുഗോപാൽ സ്ഥിരീകരിച്ചു. പന്ത്രണ്ടരക്കുള്ള വിമാനത്തിൽ ദില്ലിയിൽ നിന്നും രാഹുൽ സൂറത്തിലേക്ക് പോകും. കോടതി നടപടിയെ മുൻവിധിയോടെ കാണുന്നില്ലെന്നും വേണുഗോപാൽ വിശദീകരിച്ചു. രാഹുൽ അപ്പീൽ നൽകാത്തതിൽ ബിജെപിക്ക് എന്തിനാണ് വേവലാതിയെന്ന ചോദ്യവും ബിജെപി നേതാക്കൾക്ക് നേരെ വേണുഗോപാൽ തൊടുത്തു.

കഴിഞ്ഞ മാസം 23 നാണ് കോൺഗ്രസിന് വലിയ തിരിച്ചടിയായി കോലാര്‍ പ്രസംഗത്തില്‍ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും, പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശവും നല്‍കി. രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ നാളെ സിജെഎം കോ‍ടതിയിലേക്ക് നീങ്ങുന്നത്. മനു അഭിഷേക് സിംഗ് വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് അടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീല്‍ തയ്യാറാക്കിയത്.

ഗുജറാത്തിലെ കോടതികളില്‍ നിന്ന് നീതി കിട്ടുമോയെന്നതില്‍ കോണ്‍ഗ്രസ് സംശയം പ്രകടിപ്പിക്കുന്നതിനാല്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് അപ്പീല്‍ തയ്യാറാക്കിയിരിക്കുന്നത്. പരാതിക്കാരനനുകൂലമായി ഗുജറാത്ത് ഹൈക്കോടതി നേരത്തെ സിജെഎം കോടതി നടപടികളില്‍ ഇടപെട്ടത് പാര്‍ട്ടിയുടെ സംശയം ബലപ്പെടുത്തുന്നുണ്ട്. കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയും നീങ്ങും. എന്നാല്‍ പാറ്റ്ന, ഹരിദ്വാറടക്കം മറ്റ് കോടതികളില്‍ രാഹുലിനെതിരെ മാനനഷ്ടക്കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കോടതി നടപടികളോട് പോലും രാഹുലിന് പുച്ഛമാണെന്നും, നിയമ വ്യവസ്ഥയെ മാനിക്കുന്നില്ലെന്നുമുള്ള ബിജെപിയുടെ ആക്ഷേപത്തിന് രാഷ്ട്രീയ മറുപടി നല്‍കാന്‍ കൂടിയാണ് നാളെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നത്. അതേ സമയം അയോഗ്യത വിവാദത്തെ തുടര്‍ന്ന് പ്രതിപക്ഷ സഖ്യത്തിലടക്കം കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടമുണ്ടാക്കിയതിനാല്‍ കരുതലോടെയാകും ബിജെപിയുടെ തുടര്‍ നീക്കങ്ങള്‍.

Top