കോൺഗ്രസ്സ് വിമുക്ത ഭാരതത്തിന് വേണുഗോപാലിന്റെ ഒരു ‘കൈ’ സഹായം !

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ച കെ.സി വേണുഗോപാല്‍, രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്കെത്തുന്നത് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും വിഢികളാക്കിയാണ്.

എ.ഐ.സി.സി സംഘടനാചുമതലയുള്ളതിനാല്‍, തിരക്ക് കാരണം മത്സരിക്കാനില്ലെന്നാണ് കെസി മുമ്പ് പ്രഖ്യാപിച്ചിരുന്നത്. ഈ തിരക്കിപ്പോള്‍ ഇല്ലാതായോ, എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്പരം ചോദിക്കുന്നത്. വേണുഗോപാലിന്റെ അധികാരമോഹം വ്യക്തമാക്കുന്നത് കൂടിയാണ് ഇപ്പോഴത്തെ ഈ തീരുമാനം. ആലപ്പുഴയിലെ തോല്‍വി മുന്‍കൂട്ടി കണ്ടാണ് കെ.സി വേണുഗോപാല്‍ പിന്‍മാറിയിരുന്നത്. അതിനായി അദ്ദേഹം പറഞ്ഞ കള്ള കാരണം കൂടിയാണ് ഇത്തവണ പൊളിഞ്ഞിരിക്കുന്നത്.

ആലപ്പുഴയ്ക്ക് പകരം സുരക്ഷിതമായ വയനാട് മണ്ഡലം കെ.സി മുമ്പ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി വയനാട്ടില്‍ ടി. സിദ്ദിഖിനായി പിടിമുറുക്കിയപ്പോള്‍ ആ നീക്കവും പാളുകയാണുണ്ടായത്. ഇതോടെയാണ് വയനാട്ടില്‍ രാഹുല്‍ഗാന്ധിയെ മത്സരിക്കാന്‍ രംഗത്തിറക്കിയ കെ.സി, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ രാഹുല്‍ഗാന്ധി പരാജയപ്പെടാനും കോണ്‍ഗ്രസ് തകര്‍ന്നടിയാനും കാരണങ്ങളിലൊന്ന് രാഹുലിന്റെ വയനാട്ടിലെ മത്സരം തന്നെയായിരുന്നു. ബി.ജെ.പിയോടും നരേന്ദ്രമോദിയോടും നേരിട്ട് ഏറ്റുമുട്ടുന്ന രാഹുല്‍ഗാന്ധി, ബി.ജെ.പിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ മത്സരിക്കാതെയായിരുന്നു വയനാട്ടില്‍ ലാന്‍ഡ് ചെയ്തിരുന്നത്. ഇടതുപക്ഷത്തിനെതിരെയുള്ള ഈ മത്സരം ദേശീയ തലത്തില്‍ തിരിച്ചടിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ഈ അഭിപ്രായം തന്നെയാണുള്ളത്.

രാഹുല്‍ കേരളത്തിന് പകരം 39 എം.പിമാരെ പാര്‍ലമെന്റിലേക്ക് അയക്കുന്ന തമിഴ്നാട്ടിലോ, 28 എം.പിമാരെ പാര്‍ലമെന്റിലേക്ക് അയക്കുന്ന കര്‍ണാടകയിലോ, മത്സരിച്ചാലേ ഗുണം ലഭിക്കു എന്ന നിലപാടിലായിരുന്നു ഇവര്‍. യു.പി.എ ഘടക കക്ഷികള്‍ക്കും സമാന നിലപാടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കെ.സിയുടെ വാക്ക് വിശ്വസിച്ച് വയനാട് ചുരം കയറുകയാണ് രാഹുല്‍ ചെയ്തിരുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍, പരാജയം ഭയന്ന് മുസ്ലീങ്ങള്‍ ഭൂരിപക്ഷമായ വയനാട്ടിലേക്ക് ഒളിച്ചോടിയെന്ന, അമിത്ഷായുടെ പ്രസംഗവും ബി.ജെ.പിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. വയനാട്ടില്‍ രാഹുലിന്റെ റോഡ് ഷോയില്‍ മുസ്ലീം ലീഗ് പതാക ചൂണ്ടികാട്ടി രാഹുല്‍ ഇന്ത്യയിലാണോ അതോ പാക്കിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന ചോദ്യവും, ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു.

അധികാരത്തിലുള്ള രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമെല്ലാം കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണുണ്ടായത്. വയനാട്ടിലെ രാഹുലിന്റെ മത്സരം ബി.ജെ.പിക്ക് ശക്തിയില്ലാത്ത ദക്ഷിണേന്ത്യയില്‍പോലും ഏശിയിട്ടില്ല. കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം ഭരിച്ചിരുന്ന കര്‍ണാടകയില്‍ ബി.ജെ.പി തൂത്തുവാരുകയാണുണ്ടായത്. കേവലം ഒറ്റ സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനു ഇവിടെ ലഭിച്ചത്. തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ ശക്തിയിലാണ് വിജയമുണ്ടായത്.

കേരളത്തില്‍ 20തില്‍ 19 സീറ്റും യു.ഡി.എഫിന് നേടാനായെങ്കിലും, രാജ്യത്താകെ കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണുണ്ടായത്. പരാജയത്തെതുടര്‍ന്ന് രാഹുല്‍ഗാന്ധി എ.ഐ.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും, സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കെ.സി വേണുഗോപാല്‍ അപ്പോഴും സുരക്ഷിതനായിരുന്നു.

കോണ്‍ഗ്രസിന്റെ സംഘടനാദൗര്‍ബല്യമാണ് പരാജയകാരണമെന്നു വ്യക്തമായിട്ടും, സംഘടനയെ ചലിപ്പിക്കാനോ, കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ തീര്‍ത്ത് ഭരണം സുരക്ഷിതമാക്കാനോ, ഒരു നടപടിയും കെ.സിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.

കെ.സി വേണുഗോപാലിന് ചുമതലയുണ്ടായിരുന്ന ഗോവയില്‍ പോലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം പിടിച്ചത് ബി.ജെ.പിയാണ്. ഒടുവില്‍ കോണ്‍ഗ്രസ് പിളര്‍ന്നു ഭൂരിപക്ഷം എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് പോകുന്ന അവസ്ഥയും ഇവിടെ ഉണ്ടായി. ഈ നീക്കത്തിന് തടയിടാനും കെ.സിക്ക് കഴിഞ്ഞിരുന്നില്ല.

കര്‍ണാടകയില്‍ ജെ.ഡി.എസിനെ പിന്തുണച്ച് സഖ്യസര്‍ക്കാരുണ്ടാക്കിയെങ്കിലും ആ സര്‍ക്കാരിനെ നിലനിര്‍ത്തിക്കുന്നതിലും കെ.സി പരാജയമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കം സ്വന്തം കൈപ്പിടിയിലാക്കിയ കെ.സിക്ക്, കര്‍ണാടകയിലെ തിരിച്ചടിയും അപ്രതീക്ഷിതമായിരുന്നു.

കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായ ഡി.കെ ശിവകുമാറിനെ മാറ്റി നിര്‍ത്തിയായിരുന്നു, കെ.സിയും സിദ്ദാരാമയ്യയും ചേര്‍ന്ന് കര്‍ണാടകയില്‍ ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥികളാക്കിയിരുന്നത്. ഫലം വന്നപ്പോള്‍ കേവലം ഒറ്റ സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചിരുന്നത്. അതും ഡി.കെ ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ സുരേഷ് മാത്രം. ബാംഗ്ലൂര്‍ റൂറലില്‍ നിന്നും രണ്ടുലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സുരേഷ് വിജയക്കൊടി പാറിച്ചിരുന്നത്. കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ണമായും കെ.സി വേണുഗോപാലിന്റെ നിയന്ത്രണത്തിലായിരുന്നു. ഡി.കെ ശിവകുമാറിനെ ഒരു ഘട്ടത്തിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍പോലും കെ.സി അടുപ്പിച്ചിരുന്നില്ല.

കര്‍ണാടക രാഷ്ട്രീയത്തെക്കുറിച്ച് പരിചയമില്ലാത്ത കെ.സിയുടെ തന്ത്രങ്ങളെല്ലാം പിഴയ്ക്കുന്ന കാഴ്ച്ചയാണ് പിന്നീട് അവിടെ കണ്ടത്. കോണ്‍ഗ്രസ് നേതാവായിരുന്ന അംബരീഷിന്റെ ഭാര്യ സുമലതക്കുവേണ്ടി മാണ്ഡ്യസീറ്റ് ജനതാദളില്‍ നിന്നും പിടിച്ചുവാങ്ങാതെ, സുമലതയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വഴിയൊരുക്കിയതും തിരിച്ചടിയായി. കെ.സി അടക്കമുള്ള നേതാക്കളുടെ പിടിപ്പുകേട് വ്യക്തമാക്കുന്നതായിരുന്നു ഈ വീഴ്ച്ച. മാണ്ഡ്യയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ സുമലതക്കൊപ്പമായിരുന്നു നിലകൊണ്ടിരുന്നത്. വിജയിച്ച ശേഷം സുമലതയാകട്ടെ, ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുകയും ചെയ്തു.

ഇതിനിടെ, കെ.സി വേണുഗോപാലിനെ കോമാളി എന്നുവിളിച്ച് കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗും രംഗത്തെത്തിയിരുന്നു. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന വീരപ്പമൊയ്‌ലി അടക്കമുള്ളവരും കെ.സിയുടെ ഏകാധിപത്യ നിലപാടില്‍ കലിപ്പിലായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥന്‍ എന്ന പേരിലാണ് കര്‍ണാടകയില്‍ കെ.സിയുടെ താല്‍പര്യം അടിച്ചേല്‍പ്പിച്ചിരുന്നത്.

പ്രാദേശിക തലത്തില്‍ തമ്മിലടിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്- ജെ.ഡി.എസ് പ്രവര്‍ത്തകരും സഖ്യത്തിനെതിരായിരുന്നു. സഖ്യസര്‍ക്കാരിന് അനുകൂല നിലപാടായിരുന്നില്ല മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യക്കുമുണ്ടായിരുന്നത്. ഈ വികാരവും കെ.സിക്ക് കാണാനായിരുന്നില്ല. 28 ലോക്‌സഭാ മണ്ഡലങ്ങളില്‍ കേവലം രണ്ടു സീറ്റുകളാണ് സഖ്യത്തിനു ലഭിച്ചിരുന്നത്. ബാക്കി 26 സീറ്റും ബി.ജെ.പിയാണ് സ്വന്തമാക്കിയിരുന്നത്.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാറ്റിനിര്‍ത്തപ്പെട്ട ഡി.കെ ശിവകുമാര്‍ നേതൃത്വമേറ്റെടുത്തപ്പോള്‍, കര്‍ണാടകയിലെ അര്‍ബന്‍ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ വലിയ രീതിയിലുള്ള മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയിരുന്നത്.

സഖ്യമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തനിച്ചു മത്സരിച്ചപ്പോള്‍ മികച്ച വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. കര്‍ണാടകയിലെ 21 ജില്ലകളിലായി, സിറ്റി, മുനിസിപ്പല്‍ കൗണ്‍സിലുകളിലെ 1221 വാര്‍ഡുകളിലേക്കും ടൗണ്‍, മുനിസിപ്പല്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇതില്‍ 11 ജില്ലകളിലും കോണ്‍ഗ്രസ് തനിച്ച് വിജയിച്ചു. നാലു ജില്ലകളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. 128 വാര്‍ഡുള്ള ഏറ്റവും വലിയ മുനിസിപ്പാലിറ്റിയില്‍ 75 സീറ്റുകള്‍ നേടാനും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പിക്ക് 31 സീറ്റുകളേ ഇവിടെ നിന്നും നേടാനായിട്ടൊള്ളു. ഡി.കെ ശിവകുമാറിന്റെ മിടുക്കാണ് ലോക്കല്‍ബോഡി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസിനെ പിളര്‍ത്തിയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത്. കൂറ് മാറി എത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരെ അവരുടെ മണ്ഡലത്തില്‍ നിര്‍ത്തി വിജയിപ്പിക്കാനും യെദ്യൂരപ്പയ്ക്ക് കഴിഞ്ഞിരുന്നു.

ഇതോടെ കെ.സിയുടെ തന്ത്രങ്ങള്‍ പിഴച്ചെന്നു മനസിലാക്കിയ സോണിയ ഗാന്ധി, കെ.സിയുടെ എതിരാളിയായ ഡി.കെ ശിവകുമാറിനെ കര്‍ണാടക പി.സി.സി പ്രസിഡന്റാക്കി നിയമിച്ചാണ് നിലവില്‍ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നത്.

കര്‍ണാടകക്ക് പിന്നാലെ, മധ്യപ്രദേശില്‍ ജ്യോതിരാധിത്യസിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതിലും, സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കഴിവുകേടാണ് പ്രകടമാകുന്നത്. കമല്‍നാഥിന് മുഖ്യമന്ത്രിസ്ഥാനം നല്‍കിയപ്പോള്‍ ജ്യോതിരാധിത്യ സിന്ധ്യക്ക് മധ്യപ്രദേശ് പി.സി.സി പ്രസിഡന്റ് സ്ഥാനവും രാജ്യസഭാ എം.പി സ്ഥാനവും നല്‍കാമെന്ന പാക്കേജ് നടപ്പാക്കാത്തതാണ് പിളര്‍പ്പിന് കാരണമായിരിക്കുന്നത്. ഇതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണവും തൃശങ്കുവിലാണ്.

ഇതിനു പിന്നാലെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഖെലോട്ടും സച്ചിന്‍പൈലറ്റും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനും കെ.സിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

രാജസ്ഥാനിലെ കോണ്‍ഗ്രസ് ഭരണവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മധ്യപ്രദേശില്‍ ജ്യോതി രാധിത്യ സിന്ധ്യക്ക് രാജ്യസഭാ സീറ്റു നല്‍കി ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കാത്ത കെ.സി, കോണ്‍ഗ്രസ് തകരുമ്പോഴും രാജ്യസഭയിലേക്കെത്താനാണ് ഇപ്പോള്‍ ശ്രമിച്ചിരിക്കുന്നത്. ‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന’ ഏര്‍പ്പാടാണിത്.

2.ജി. സ്‌പെക്ട്രം അഴിമതി കേസ് അന്വേഷിച്ച, ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷനായ പി.സി ചാക്കോ അടക്കമുള്ള പ്രഗത്ഭര്‍ പുറത്തുനില്‍ക്കുമ്പോഴാണ്, രാജസ്ഥാനിലൂടെ വേണുഗോപാലിപ്പോള്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥനായതിനാലാണ് കെ.സിക്കെതിരെ ശബ്ദിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഭയക്കുന്നത്. ഇത് തന്നെയാണ് ആ പാര്‍ട്ടി നേരിടുന്ന അപചയവും. ‘കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന’ മോദിയുടെയും അമിത്ഷായുടെയും സ്വപ്‌നത്തിലേക്കുള്ള ദൂരമാണ് ഇവിടെ കുറഞ്ഞു കൊണ്ടിരിക്കുന്നത്.

Political Reporter

Top