ചൈനീസ് നിരീക്ഷണം സഭയില്‍ ഉന്നയിച്ച് കെ സി വേണുഗോപാല്‍; ഗൗരവകരമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയുമുള്‍പ്പെടെ രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍. ഇത് ഗൗരവമേറിയ വിഷയമാണെന്നും സര്‍ക്കാര്‍ പ്രതികരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ഗൗരവകരമാണന്നും തുടര്‍നടപടികള്‍ എന്തു വേണമെന്ന് ആലോചിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ചൈനീസ് സര്‍ക്കാരുമായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഷെന്‍ഹുവ ഡേറ്റ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ സൈനിക, ശാസ്ത്ര, രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖ വ്യക്തികളെ നിരീക്ഷിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നത്. എന്നാല്‍, ചൈനീസ് ഡിജിറ്റല്‍ കമ്പനി വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് സര്‍ക്കാരിന്റെ പ്രതികരണം. ചൈന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതു സംബന്ധിച്ച് നേരത്തെ വിവരമുണ്ടായിരുന്നു. ഇതു മുന്നില്‍ കണ്ടാണ് ഇരുനൂറോളം ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതെന്നാണു സര്‍ക്കാര്‍ വാദം.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം, സിപിഐ നേതാക്കളും ഫോര്‍വേര്‍ഡ് ബ്ലോക്ക് പാര്‍ട്ടിയുടെ വരെ രാഷ്ട്രീയ നേതാക്കള്‍ ചൈനീസ് കമ്പനിയുടെ നിരീക്ഷണ പട്ടികയിലുണ്ട്. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും ഇതിലുള്‍പ്പെടുമെന്നാണ് വിവരം. 700 രാഷ്ട്രീയ നേതാക്കള്‍ നേരിട്ടും 100 പേരുടെ കുടുംബാംഗങ്ങളും 350 എംപിമാരും മുന്‍ എംപിമാരും ഈ നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെടുന്നു.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സര്‍വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥര്‍ എന്നിവരെയും നിരീക്ഷിക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധി അവരുടെ കുടുംബാംഗങ്ങള്‍, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ചില സംസ്ഥാന മുഖ്യമന്ത്രിമാര്‍, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുണ്ടെന്നാണു വിവരം.

Top