താഴേത്തട്ട് മുതല്‍ സംഘടനാ സംവിധാനം ശക്തമാക്കണമെന്ന് കെ.സി വേണുഗോപാല്‍

കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസിലെ നേതൃമാറ്റ സാധ്യത തളളാതെ എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. എ.ഐ.സി.സി. സംഘം കേരളത്തിലെ കാര്യങ്ങള്‍ പഠിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘താഴേത്തട്ടു മുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം. വളരെ വ്യക്തമായ കാഴ്ചപ്പാടോട് കൂടി മുന്നോട്ടുപോകേണ്ടതുണ്ട്. എവിടെയൊക്കെ ദൗര്‍ബല്യങ്ങളുണ്ടോ അതെല്ലാം മറ്റൊന്നും നോക്കാതെ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകണം. പാര്‍ട്ടി ആയിരിക്കണം മുന്‍ഗണന. പാര്‍ട്ടി മാത്രം. പാര്‍ട്ടിക്ക് അതീതമായിട്ടുളള എല്ലാ മുന്‍ഗണനയും ഒഴിവാക്കാന്‍ എല്ലാവരും മനസ്സുകാണിച്ച് മുന്നോട്ടുപോകേണ്ട സമയമാണിത്.’ കെസി വേണുഗോപാല്‍ പറഞ്ഞു.

ലീഗാണ് കോണ്‍ഗ്രസിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദുഷ്ടലാക്കോടെ ഉളളതാണ്. ഒരാഴ്ച മുമ്പ് നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് കെ.സി.വേണുഗോപാല്‍ പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അതില്‍ ഉറച്ചുനില്‍ക്കുന്നില്ല.

തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഇതേ രീതിയില്‍ മുന്നോട്ടുപോകാനില്ല എന്ന വിലയിരുത്തലിലാണ് എ.ഐ.സി.സി. തിരുത്തല്‍ നടപടികളുടെ ആദ്യ ഭാഗമെന്ന നിലയില്‍ കേന്ദ്രനേതൃത്വത്തെ അയച്ച് റിപ്പോര്‍ട്ട് തേടുന്നത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ഹൈക്കമാന്‍ഡ് കേരളത്തിലെ സംഭവങ്ങള്‍ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top