കെ.സി വേണുഗോപാലിനും ഭീഷണി, സംഘടനാ ചുമതല തെറിക്കാൻ സാധ്യത

.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കോൺഗ്രസ്സിൽ വൻ പടയൊരുക്കം. കെ.സിയെ തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യമാണ് എ.ഐ.സി.സി യിലെ ഒരു വിഭാഗം നിലവിൽ ഉയർത്തിയിരിക്കുന്നത്. ഈ നീക്കത്തിന് കേരളത്തിലെ പ്രബല വിഭാഗത്തിൻ്റെയും പിന്തുണയുണ്ട്. കെ.സി വലിയ പരാജയമാണെന്നാണ് കോൺഗ്രസ്സ് നേതാക്കളുടെ പൊതു വിലയിരുത്തൽ. രാജ്യത്തെ കോൺഗ്രസ്സിൻ്റെ സംഘടനാ സംവിധാനം ചലിപ്പിക്കേണ്ട ചുമതലയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിക്കുള്ളത്. എന്നാൽ കെ.സി വേണുഗോപാലിന് ഈ പദവിയിൽ വേണ്ടത്ര ശോഭിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കർണ്ണാടക, ഗോവ, മധ്യപ്രദേശ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ കിട്ടിയ ഭരണമാണ് കോൺഗ്രസ്സിന് നഷ്ടമായിരിക്കുന്നത്. ഇത് കെ.സിയുടെ വീഴ്ച കൂടിയായാണ് ഉന്നത നേതാക്കൾ വിലയിരുത്തുന്നത്. രാഹുൽ ഗാന്ധിക്ക് തെറ്റായ ഉപദേശം നൽകി വഴി തെറ്റിക്കുന്നത് കെ.സിയാണെന്ന ആക്ഷേപവും ഈ വിഭാഗത്തിനുണ്ട്. പാർട്ടിയിൽ രാഹുൽ വിരുദ്ധ ചേരിക്ക് വളമിടുന്ന ഏർപ്പാടാണ് കെ.സി ചെയ്യുന്നതെന്ന പരാതി സോണിയയുടെ വിശ്വസ്തർക്കുമുണ്ട്. കെ.സി നേരിട്ട് നിയന്ത്രിച്ച കേരളത്തിലെ പരാജയം അദ്ദേഹത്തിൻ്റെ പ്രതിച്ഛായക്ക് ഇപ്പോൾ വൻ തിരിച്ചടിയായിട്ടുണ്ട്. സർവേയിലൂടെ സ്ഥാനാർത്ഥികളെ കെട്ടിയിറക്കിയ കെ.സി വേണുഗോപാൽ സ്വന്തം ഗ്രൂപ്പിന് ശക്തി പകരാനാണ് ശ്രമിച്ചതെന്നാണ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കളും ആരോപിക്കുന്നത്.

കേരളത്തിലെ തിരിച്ചടി ഡൽഹിയിലെ കെ.സിക്കെതിരായ നീക്കത്തിനാണ് വേഗത പകർന്നിരിക്കുന്നത്.ഈ സാഹചര്യത്തിൽ ഡൽഹിയിൽ ഇനി എത്രനാൾ എന്ന ചോദ്യമാണ് കെ.സിക്ക് മുന്നിൽ ഇപ്പോഴുള്ളത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ വേണുഗോപാൽ രാഹുല്‍ ഗാന്ധിയില്‍ കേന്ദ്രീകരിക്കുന്നുവെന്നും പല നേതാക്കളെയും സ്റ്റാര്‍ ക്യാമ്പനിയര്‍മാരായി കൊണ്ടുവന്നില്ലെന്നുമാണ് വിമത നേതാക്കളും ആരോപിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ പുനസംഘടന കൃത്യമായി ചെയ്യാതെ  വൈകിപ്പിക്കുന്നതായാണ് മറ്റൊരു ആരോപണം.  ഈ പശ്ചാത്തലത്തിൽ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കമല്‍നാഥിനെ കൊണ്ടുവരാനാണ് സോണിയഗാന്ധിക്ക് താത്പര്യമെന്നാണ് ലഭിക്കുന്ന വിവരം. സോണിയ ഗാന്ധിക്ക്  വളരെ അടുപ്പമുള്ള കുമാരി ഷെല്‍ജയെയും ദേശീയ തലത്തിലേക്ക് മാറ്റാന്‍ ആലോചനയുണ്ട്. ഇതെല്ലാം തന്നെ കെ.സിക്ക് വലിയ വെല്ലുവിളിയാണ്.

ഡൽഹിയിൽ നിന്നും പദവി തെറിച്ചാൽ കേരളത്തിലും കെ.സി ഗ്രൂപ്പിൻ്റെ പൊടി പോലും കാണുകയില്ല. മുൻ നേതാവായ ചെന്നിത്തല പോലും സംശയത്തോടെയാണ് കെ.സിയെ നിലവിൽ നോക്കി കാണുന്നത്. ചെന്നിത്തലയെ നാടുകടത്തി, ‘ഭാവി’ കേരള മുഖ്യമന്ത്രിയാകാനാണ് കെ.സി ശ്രമിക്കുന്നതെന്ന വികാരമാണ് ഐ ഗ്രൂപ്പിലുള്ളത്. എ ഗ്രൂപ്പും സംശയത്തോടെ തന്നെയാണ് കെ.സി വേണുഗോപാലിനെ വീക്ഷിക്കുന്നത്.അതേസമയം
പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചാലും ഇല്ലങ്കിലും കേരളം വിട്ടൊരു കളിക്കും രമേശ് ചെന്നിത്തല ഉണ്ടാകില്ലന്നാണ് ഐ ഗ്രൂപ്പ് നേതാക്കൾ തുറന്നടിക്കുന്നത്.

തന്റെ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്ക് മാറ്റാനുളള ഹൈക്കമാന്‍ഡ് നീക്കത്തോട് ശക്തമായ എതിർപ്പാണ് ചെന്നിത്തലയ്ക്കുള്ളത്. എന്നാൽ ഉമ്മൻ ചാണ്ടി 2016ൽ ഒഴിഞ്ഞതു പോലെ ചെന്നിത്തല മാറണമെന്നതാണ് കോൺഗ്രസ്സ് പ്രവർത്തകരുടെ പൊതുവികാരം. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന വികാരവും അണികൾക്കിടയിൽ ശക്തമാണ്. യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും എം.എം ഹസ്സനും ഇനി തെറിക്കും. ഇത് സംഭവിച്ചില്ലങ്കിൽ പാർട്ടിയിൽ കലാപക്കൊടി ഉയർത്താനാണ് യുവ തുർക്കികളുടെ തീരുമാനം. ഇതിനിടെ ഉമ്മൻചാണ്ടിക്ക് പിൻഗാമിയായി എ ഗ്രൂപ്പ് തലപ്പത്ത് കെ.മുരളീധരനെ കൊണ്ടുവരാനുള്ള ശ്രമവും അണിയറയിൽ സജീവമാണ്. മുരളി വന്നാൽ മറ്റ് ഗ്രൂപ്പുകൾക്ക് അത് വലിയ വെല്ലുവിളി ആയാണ് മാറുക.

നിലവിൽ കേരളത്തില്‍ നിന്ന് രാഹുല്‍ഗാന്ധിയടക്കം നാല് പേരാണ് പ്രവര്‍ത്തകസമിതിയിലുളളത്. വയനാട്ടില്‍ നിന്നുള്ള എം പി എന്ന നിലയ്ക്കാണ് രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്നുള്ള ആളായി കണക്കാക്കിയിരിക്കുന്നത്. രമേശ് ചെന്നിത്തലയെ കൂടി ഇനി ഉള്‍പ്പെടുത്തിയാല്‍ കേരളത്തില്‍ നിന്നുള്ള വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചായി മാറും. അത്തരം ഒരു നീക്കം നടത്താൻ ഹൈക്കമാന്‍ഡിനും താൽപ്പര്യമില്ല. ഉമ്മൻ ചാണ്ടിയെ മാറ്റുകയാണെങ്കിൽ എ കെ ആൻ്റണിയും മാറേണ്ടി വരും. ഇതോടെ രമേശ് ചെന്നിത്തലക്കും മുരളിക്കും മുന്നിലെ സാധ്യതയാണ് തുറക്കപ്പെടുക. ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചാൽ മുരളിയെ തഴയാൻ ഹൈക്കമാൻ്റിന് കഴിയുകയുമില്ല.

പ്രവര്‍ത്തക സമിതിയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ സമവാക്യങ്ങളാണ് മാറിമറിയുക. ഈ സാഹചര്യം ഒഴിവാക്കാനാണ്  മുരളീധരനെ ഗ്രൂപ്പ് തലപ്പത്തേക്ക് കൊണ്ടുവരാൻ നേതൃത്വം ശ്രമിക്കുന്നത്.എ കെ ആന്റണിയ്ക്ക് ശേഷം എ ഗ്രൂപ്പിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടിയ്ക്ക് ശേഷം ആര് എന്നത് രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്ന കാര്യമാണ്. മുരളിയിലൂടെ അതിനുള്ള ഒരു മറുപടി ഉമ്മൻ ചാണ്ടി നൽകിയാൽ അതൊരു മാസ് മറുപടി തന്നെയായി മാറും. പിതാവ് കെ.കരുണാകരനൊപ്പം ആൻ്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ പടനയിച്ച മുരളീധരൻ ഐ ഗ്രൂപ്പ് വിട്ട് എ ഗ്രൂപ്പിൻ്റെ കടിഞ്ഞാൺ ഏറ്റെടുക്കുന്നത് ചെന്നിത്തലയും കെ.സി യും ഉൾപ്പെടെയുള്ളവർക്കും വൻ ഭീഷണിയായാണ് മാറാൻ പോകുന്നത്. അത്തരമൊരു സാഹചര്യമാണ് എ ഗ്രൂപ്പ് അണികളും ഇപ്പോൾ ആഗ്രഹിക്കുന്നത്.

Top