കര്‍ണാടകയില്‍ അസന്മാര്‍ഗികവും നാണംകെട്ടതുമായ രാഷ്ട്രീയ അട്ടിമറി: കെ സി വേണുഗോപാല്‍

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ കര്‍ണാടക സര്‍ക്കാര്‍ തകര്‍ന്ന് വീണതിന് പിന്നാലെ പ്രതികരണവുമായി കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അസന്മാര്‍ഗികവും നാണംകെട്ടതുമായ രാഷ്ട്രീയ അട്ടിമറിയാണ് ബി ജെ പി കര്‍ണാടകയില്‍ നടത്തിയതെന്നും ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍, ഗവര്‍ണര്‍, മഹാരാഷ്ട്രാ സര്‍ക്കാര്‍, ബി ജെ പി കേന്ദ്ര നേതൃത്വം എന്നിവര്‍ സംയുക്തമായി നടത്തിയ ഹീനശ്രമങ്ങളാണ് സര്‍ക്കാര്‍ നിലംപതിക്കാന്‍ കാരണമായതെന്നും വേണുഗോപാല്‍ ആരോപിച്ചു.

ഭരണപക്ഷത്തെ പതിനാറ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. തുടര്‍ന്ന് സര്‍ക്കാര്‍ വിശ്വാസവോട്ട് നേരിടുകയും പരാജയപ്പെടുകയുമായിരുന്നു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ 99 എം എല്‍ എമാരാണ് അനുകൂലിച്ചത്. 105 എം എല്‍ എമാര്‍ എതിര്‍ത്തു.

Top