ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. തൃണമൂല്‍ നീക്കം ബിജെപിയെ ശക്തിപ്പെടുത്തുന്നതാണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കോടെ കോണ്‍ഗ്രസ് പുനഃപരിശോധിക്കുകയാണെന്നും, മമത ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യത്തിന്റെ ആധാരം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതാണോ എന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു.
അതേസമയം, തൃണമൂലുമായി സഹകരിക്കുന്നതും പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചര്‍ച്ച ചെയ്യും. കര്‍ഷക സമരവും വിലക്കയറ്റവും ചൂണ്ടിക്കാട്ടി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും. എന്നാല്‍ സഭ നടപടികള്‍ ബഹിഷ്‌കരിക്കില്ല.