‘പൊലീസിന്റേത് ഫാസിസ്റ്റ് നടപടി’;രാഹുലിന്റെ അറസ്റ്റിനെതിരെ കെ സി വേണുഗോപാല്‍

ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വീട് വളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തത് പൊലീസ് രാജിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭീകരവാദിയെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് പൊലീസ് നടപടിയെന്ന് അദ്ദേഹം വിമര്‍ശിച്ചു.

മര്യാദകളുടെ സീമകള്‍ ലംഘിച്ചെന്നും പൊലീസിന്റേത് ഫാസിസ്റ്റ് നടപടിയാണെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഈ പോക്ക് അപകടകരമാണെന്ന് അദ്ദേഹം കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്.

സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാര്‍ച്ചില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

Top