ഇന്ധന വിലക്കയറ്റത്തിനെതിരെ എന്‍ഡിഎയിലും പ്രതിഷേധം, ഇനിയും തെരഞ്ഞെടുപ്പുകള്‍ മുമ്പിലുണ്ടെന്നോര്‍ക്കണമെന്ന് ജെഡിയു

ന്യൂഡല്‍ഹി: ഇന്ധന വിലക്കയറ്റത്തിനെതിരെ എന്‍ഡിഎയിലും പ്രതിഷേധം. വില വര്‍ധന പിന്‍വലിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ യുണൈറ്റഡ് രംഗത്തെത്തി. ഇന്ധന വില ഇത്തരത്തില്‍ ദിവസേനയെന്നോണം കുതിച്ചുയര്‍ന്നാല്‍ ജനവികാരം എതിരാകുമെന്നും ഇനിയും തെരഞ്ഞെടുപ്പുകള്‍ മുന്നിലുണ്ടെന്നോര്‍ക്കണമെന്നും ജെഡിയു ജനറല്‍ സെക്രട്ടറി കെ സി ത്യാഗി പ്രതികരിച്ചു.

എന്‍ഡിഎ സര്‍ക്കാര്‍ നിരവധി ജനക്ഷേമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ധനവില വര്‍ധന ജനങ്ങളുടെ നടുവൊടിക്കുന്നതാണ്. അവശ്യസാധനങ്ങളുടെയടക്കം വിലക്കയറ്റത്തിനത് കാരണമാകുന്നു. ഇനിയും ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ വലിയ പ്രതിഷേധത്തിനത് കാരണമായേക്കും. എന്‍ഡിഎ സര്‍ക്കാര്‍ ഇന്ധനവില വര്‍ധനയെ വളരെ ഗൗരവത്തില്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇന്ധനവില വര്‍ധന പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുയര്‍ത്തിയെങ്കിലും ചര്‍ച്ചക്ക് അനുമതി ലഭിച്ചിരുന്നില്ല. എന്നിരുന്നാലും വിലക്കയറ്റം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. അടിയന്തര പ്രമേയത്തിന് ലോക് സഭയില്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇന്ധന, പാചക വാതക വില വര്‍ധനക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവതരണാനുമതി നല്‍കിയിരുന്നില്ല. സഭ നിര്‍ത്തി വച്ച് അവശ്യമരുന്നുകളുടെ വിലക്കയറ്റമടക്കം ചര്‍ച്ച ചെയ്യണമെന്ന് രാജ്യസഭയിലും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. അതേ സമയം, വിലക്കയറ്റ മുക്ത ഭാരതം പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇന്ന് തുടര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

Top