കഴക്കൂട്ടം-കാരോട് ഹൈവെ ; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദി പറഞ്ഞ് ശശി തരൂര്‍

തിരുവനന്തപുരം: കഴക്കൂട്ടം മുതല്‍ കരോട് വരെയുള്ള റോഡ് വികസന പ്രവൃത്തികളിലെ സഹകരണത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദി പറഞ്ഞ് ശശി തരൂര്‍. ലോക്സഭാ നടപടികള്‍ തടസ്സപ്പെടുന്നതിനിടയിലും നന്ദി പറയാനുള്ള അവസരം വിനിയോഗിച്ചതായി ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്‍എച്ച് 66ന്റെ ഭാഗമാണ് പദ്ധതി. താനാണ് ഈ പദ്ധതി തുടങ്ങിവെച്ചതെന്നും ശശി തരൂര്‍ വ്യക്തമാക്കി.

മേല്‍പ്പാതകള്‍, ട്രാഫിക് ലൈറ്റുകള്‍ തുടങ്ങി ബാക്കിയുള്ള കുറച്ച് പ്രശ്‌നങ്ങള്‍ക്ക് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സഹായം അഭ്യര്‍ത്ഥിച്ചു. സഹായിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്, നന്ദി നിതിന്‍ ഗഡ്കരിജി എന്നും ശശി തരൂര്‍ കുറിച്ചു.

ദേശീയപാത 66 ന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മൂന്ന് റീച്ചുകള്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയായി. കഴക്കൂട്ടം – ടെക്‌നോപാര്‍ക്ക് മേല്‍പ്പാലം, കഴക്കൂട്ടം – മുക്കോല, മുക്കോല- കാരോട് എന്നിവയാണ് പൂര്‍ത്തിയായത്. അതേസമയം കടമ്പാട്ടുകോണം – കഴക്കൂട്ടം പദ്ധതിക്ക് 3451 കോടിയാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പണി തുടങ്ങിയത്. 29.83 കിലോ മീറ്റര്‍ ദൂരത്തിലുള്ള റോഡ് നിര്‍മാണം 2025 ജനുവരി 1ന് പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top