വില്‍പന കുറഞ്ഞു കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍ പിന്‍വലിച്ചു

വേര്‍സിസ് ടൂററിനെ കവാസാക്കി ഇന്ത്യയില്‍ പിന്‍വലിച്ചു. മോശം വില്‍പനയെ തുടര്‍ന്നാണ് ബൈക്ക് പിന്‍വലിച്ചത്. വേര്‍സിസ് 1000 ബൈക്കുകളെ ഡീലര്‍ഷിപ്പുകളിലേക്ക് കയറ്റി അയക്കുന്നത് നാളുകള്‍ക്ക് മുമ്പെ കവാസാക്കി നിര്‍ത്തിയിരുന്നു. ശേഷം പഴയ സ്റ്റോക്കുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നെന്നു കണ്ടപ്പോള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും മോഡലിനെ കമ്പനി പിന്‍വലിക്കുകയായിരുന്നു. അതേസമയം വേര്‍സിസ് X-300, വേര്‍സിസ് 650 മോഡലുകള്‍ വില്‍പനയില്‍ തുടരുമെന്ന് കമ്പനി അറിയിച്ചു.

2015 -ലാണ് ബൈക്ക് ഇന്ത്യയില്‍ എത്തിയത്. 239 കിലോ ഭാരവും 845 mm ഉയരവും ബൈക്കിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുകയും പ്രകടനക്ഷമതയില്‍ എതിരാളികളുമായി ഇഞ്ചോടിഞ്ച് നിന്നെങ്കിലും ആധുനിക ഫീച്ചറുകളുടെ കാര്യത്തില്‍ ബൈക്ക് പിന്നിലാവുകയായിരുന്നു. ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്, കോര്‍ണറിംഗ് എബിഎസ് തുടങ്ങിയ അടിസ്ഥാന ഫീച്ചറുകള്‍ പോലും ബൈക്കിലില്ല.

13.28 ലക്ഷം രൂപയായിരുന്നു മോഡലിന് ഇന്ത്യന്‍ വിപണിയില്‍ വില. കരുത്തന്‍ നാലു സിലിണ്ടര്‍ എഞ്ചിനും ഞൊടിയിടയില്‍ നിയന്ത്രണമേകുന്ന ബ്രേക്കിംഗ് സംവിധാനവും വേര്‍സിസ് 1000 -ന്റെ പ്രത്യേകതകളില്‍പ്പെടും. ബൈക്കിലുള്ള 1,043 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 118 bhp കരുത്തും 102 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Top