സുനിയെക്കുറിച്ചുള്ള മൊഴി കാവ്യയ്ക്ക് തിരിച്ചടിയായേക്കും ; പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കാവ്യാ മാധവന്‍ സംശയത്തിന്റെ നിഴലില്‍.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി കാവ്യയ്ക്കുള്ള ബന്ധത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. തനിക്ക് സുനിയെ അറിയില്ലെന്നാണ് അന്വേഷണ സംഘത്തിന് കാവ്യ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിരിക്കുന്നത്.

ദിലീപും കാവ്യാ മാധവനും ഒരുമിച്ചഭിനയിച്ച ‘പിന്നെയും’ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് കാവ്യ പള്‍സര്‍ സുനിയെ കാണുന്നത്. കാവ്യ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായി എത്തിയത് പള്‍സര്‍ സുനിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കാവ്യയുടെ മൊഴി പൊലീസ് വീണ്ടും പരിശോധിച്ചു വരികയാണ്. മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. കൊല്ലത്ത് വെച്ചായിരുന്നു പിന്നെയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

ഡ്രൈവറായി എത്തിയിട്ടുണ്ടെങ്കില്‍ കാവ്യാ മാധവന്‍ പള്‍സര്‍ സുനിയെ നിരവധി തവണ കണ്ടിരിക്കണമെന്നാണ് പൊലീസിന്റെ നിഗമനം. എന്നിട്ടും സുനിയെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാവ്യാ മാധവനെ ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തത്. കാവ്യയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് നേരത്തെ പൊലീസ് സൂചന നല്‍കിയിരുന്നു.

Top