സംസ്ഥാനത്ത് സമയം കഴിഞ്ഞിട്ടും പോളിംഗ് തുടരുന്നു ; ക്യൂവില്‍ കാത്ത് നിന്ന് കാവ്യാ മാധവനും

കൊച്ചി: സംസ്ഥാനത്ത് വോട്ടെടുപ്പ് സമയം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും പോളിംഗ് ഇപ്പോഴും തുടരുകയാണ്. ആറ് മണിക്ക് മുന്‍പ് ക്യൂവിലുള്ള എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ഇതനുസരിച്ച് എല്ലാവര്‍ക്കും സ്ലിപ്പ് നല്‍കിയിട്ടുണ്ട്.

എറണാകുളത്ത് വെണ്ണല ഹൈസ്‌കൂള്‍ ബൂത്തില്‍ നൂറുകണക്കിന് പേര്‍ ഇപ്പോഴും വോട്ട് ചെയ്യാന്‍ കാത്തിരിക്കുകയാണ്. നടി കാവ്യാ മാധവനും വരിയില്‍ കാത്ത് നില്‍ക്കുകയാണ്. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് വോട്ടെടുപ്പ് ഇത്ര വൈകാന്‍ കാരണം എന്നാണ് നാട്ടുകാരുടെ പരാതി.

വോട്ടിംഗ് യന്ത്രങ്ങളിലുണ്ടായ വ്യാപക ക്രമക്കേട് പോളിംഗിനെ തടസപ്പെടുത്തിയെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷമാണ് പലര്‍ക്കും വോട്ടവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞത്. ഇടുക്കി കോട്ടയം തുടങ്ങിയ മധ്യകേരളത്തിലെ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം 2004 ലെ പോളിംഗ് ശതമാനത്തിന് സമാനമായ അവസ്ഥയിലാണ്. പത്തനംതിട്ട മണ്ഡലങ്ങളിലെ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം അഞ്ച് മണിക്ക് മുന്‍പ് തന്നെ മറികടന്നിരുന്നു.

കൊല്ലം പട്ടത്താനത്ത് വോട്ടിംഗ് സമയം കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. മൂവാറ്റുപുഴക്ക് സമീപം മുളവുകാട് എല്‍പി സ്‌കൂളില്‍ നിരവധി പേര്‍ ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ട്. പത്തനംതിട്ട മണ്ഡലത്തിലെ പൂഞ്ഞാറിലെ 6, 7 ബൂത്തുകളില്‍ പോളിംഗ് അവസാനിച്ചിട്ടില്ല. തിരുവനന്തപുരത്ത് ബീമാപള്ളിയില്‍ വോട്ടര്‍മാരും പോളിംഗ് ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി.

പാലക്കാട്ടും പൊന്നാനിയിലും എല്ലാം പല പോളിംഗ് ബൂത്തിന് മുന്നിലും സമയം കഴിഞ്ഞിട്ടും തിരക്കുണ്ട്. മണിക്കൂറുകളോളം കാത്തു നിന്ന പലരും മടങ്ങി പോകുന്ന അവസ്ഥയുമുണ്ട്. റാന്നിയില്‍ 72 നമ്പര്‍ ബൂത്തില്‍ 150 ഓളം ആളുകളും 119 ല്‍ 300 ഓളം ആളുകളും ക്യൂ നില്‍ക്കുകയാണ്. ടോക്കണ്‍ നല്‍കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ആറ് മണിക്ക് ശേഷം ആലപ്പുഴയിലെ 125-ാം ബൂത്തില്‍ 200 ലേറെ പേര്‍ വോട്ടു ചെയ്യാനുണ്ട്. ആലപ്പുഴ മണ്ഡലത്തിലെ 250 ലേറെ ബൂത്തുകളില്‍ ആറ് മണിക്ക് ശേഷവും വോട്ടെടുപ്പ് തുടരുകയാണ്. മലപ്പുറം കൊണ്ടോട്ടിയില്‍ നൂഞ്ഞിക്കര ബൂത്തില്‍ 100 ലധികം പേര്‍ ക്യൂവിലുണ്ട്.

Top