കാവ്യ മാധവന്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ ചോദ്യം ചെയ്യലിന് ഹാജരായേക്കും. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിലെത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് നടിയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ കാവ്യ അഭിഭാഷകരുടെ സഹായം തേടിയതായാണ് വിവരം. കാവ്യക്കെതിരായ ഓഡിയോ ക്ലിപ്പുകൾ ക്രൈബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.

കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിർണായക തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സുരാജിന്റെ ഫോണിൽ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺ സംഭാഷണമടക്കം കൂടുതൽ തെളിവുകൾ അന്വേഷണ സംഘം കോടതിക്ക് കൈമാറി.

Top