കവിയൂര്‍ കേസ്; ഇനിയും അന്വേഷിക്കാനില്ലെന്ന് സിബിഐ

കൊച്ചി: കവിയൂര്‍ കേസില്‍ ഇനിയും അന്വേഷണത്തിനില്ലെന്ന് സി.ബി.ഐ. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇനി അന്വേഷിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നാല് തവണ അന്വേഷിച്ചിട്ടും ആരാണ് പീഡിപ്പിച്ചതെന്ന് ശാസ്ത്രീയ തെളിവുകളിലൂടെ കണ്ടെത്താനായിട്ടില്ലെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് തിരുവനന്തപുരം സി.ബി.ഐ. കോടതി കവിയൂര്‍ കൂട്ട ആത്മഹത്യാക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. നാലാം തവണയും സി.ബി.ഐ. സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

കേസില്‍ വി.ഐ.പികള്‍ ഇല്ലെന്നും വി.ഐ.പി. ആരോപണം അന്വേഷിച്ച് തള്ളിയതാണെന്നും സി.ബി.ഐ. പറയുന്നു. പെണ്‍കുട്ടി മരണത്തിന് മുമ്പ് വീട് വിട്ട് പോയിട്ടില്ല. ലതാനായര്‍ പെണ്‍കുട്ടിയെ ഒരിടത്തും കൊണ്ടുപോയിട്ടില്ല. ഇക്കാര്യങ്ങള്‍ നുണപരിശോധന നടത്തി സ്ഥിരീകരിച്ചതാണെന്നും സി.ബി.ഐ. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Top