kavery water issue; supreme court order

ന്യൂഡല്‍ഹി : കാവേരി നദിയില്‍നിന്നു തമിഴ്‌നാടിനു കൂടുതല്‍ ജലം വിട്ടുനല്‍കാന്‍ കര്‍ണാടക തയാറാകണമെന്നു സുപ്രീംകോടതി. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്നായിരുന്നു ഇതുസംബന്ധിച്ചു കോടതിയുടെ പരാമര്‍ശം.

കാവേരി ജലത്തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തമിഴ്‌നാട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം, സംസ്ഥാനത്തു ജലക്ഷാമമാണെന്നും തമിഴ്‌നാടിനു വെള്ളം വിട്ടുനല്‍കാനാവില്ലെന്നും കര്‍ണാടക സുപ്രീം കോടതിയെ അറിയിച്ചു.

തമിഴ്‌നാടിനു നല്‍കുന്ന ജലത്തില്‍ കുറവു വരുത്തിയാല്‍ അതു ആ സംസ്ഥാനത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ട്രൈബ്യൂണലിന്റെ ഉത്തരവു കര്‍ണാടകയ്ക്ക് അവഗണിക്കാനാവില്ല. തമിഴ്‌നാടിനു നല്‍കാനുള്ള ജലത്തിന്റെ പരിധി നിശ്ചയിച്ചത് ട്രൈബ്യൂണലാണ്. ഈ ഉത്തരവ് കര്‍ണാടകയ്ക്ക് എങ്ങനെ തള്ളിക്കളയാനാകുമെന്നും കോടതി ചോദിച്ചു.

തമിഴ്‌നാടിനു വിട്ടുകൊടുത്ത ജലത്തിന്റെ കണക്ക് എത്രയെന്നു തിങ്കളാഴ്ച അറിയിക്കണമെന്ന് ഉത്തരവിട്ട കോടതി, തമിഴ്‌നാടും കര്‍ണാടകയും ഒരുമിച്ചുനിന്നു പ്രശ്‌നപരിഹാരം കണ്ടെത്തുകയാണു വേണ്ടതെന്നും നിര്‍ദേശിച്ചു.

ട്രൈബ്യൂണലിന്റെ ഉത്തരവുപ്രകാരമുള്ള ജലം തമിഴ്‌നാടിനു വിട്ടുനല്‍കാമെന്നു കര്‍ണാടക സമ്മതിച്ചിരുന്നെങ്കിലും പിന്നീട് ജലം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചത്.

Top