അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളില്‍ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കി. വികസന പദ്ധതികളും നിയമപരിഷ്‌കാരങ്ങളും നടപ്പിലാക്കുമ്പോള്‍ പഞ്ചായത്തുകളോട് ആലോചിക്കണമെന്നാണ് പ്രധാന ആവശ്യം. തുടര്‍പ്രക്ഷോഭങ്ങള്‍ ആലോചിക്കാന്‍ ഇന്ന് വീണ്ടും സര്‍വകക്ഷിയോഗം ചേരും.

അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളിലും കളക്ടര്‍ അസ്‌കറലിയുടെ പ്രസ്താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് പഞ്ചായത്ത് പാസാക്കിയത്. ഒന്നാമത്തെ പ്രമേയത്തില്‍ വികസന പദ്ധതികളും നിയമപരിഷ്‌കാരങ്ങളും നടപ്പിലാക്കുമ്പോള്‍ പഞ്ചായത്തുകളോട് ആലോചിക്കണമെന്നും ജനദ്രോഹപരമായ നീക്കങ്ങളില്‍ നിന്ന് അഡ്മിനിസ്‌ട്രേഷന്‍ പിന്മാറണമെന്നുമാണ് ആവശ്യപ്പെടുന്നത്.

കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലൂടെ ലക്ഷദ്വീപ് ജനതയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത കളക്ടര്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് രണ്ടാം പ്രമേയം. പ്രതിഷേധസമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും കേസ് പിൻവലിക്കണമെന്നുമാണ് മൂന്നാം പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ തീരപ്രദേശത്തെ സുരക്ഷ ലെവല്‍ 2 ആക്കി വര്‍ധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഉത്തരവിറക്കി. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് നടപടി. സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ നിരീക്ഷിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആളുകള്‍ കൂട്ടം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ ആലോചിക്കുന്നത് തടയാനാണ് ശ്രമം. പുത്തന്‍ പരിഷ്‌കാരങ്ങളില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് 4 മണിക്ക് വീണ്ടും സര്‍വകക്ഷിയോഗം ചേരും.

ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രൂപീകരിക്കാനാണ് ആലോചന. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ നേരില്‍ കാണാനാണ് നീക്കം. പ്രഫുല്‍ പട്ടേല്‍ നാളെ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ ദില്ലിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം.

 

Top