കാണാതായവര്‍ക്കായി ഇന്ന് കവളപ്പാറയില്‍ ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍

വയനാട് : കവളപ്പാറയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്. ഇനിയും 21 പേരെക്കൂടി കണ്ടെത്താനുണ്ട്.

ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും. ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ. മഴ മാറി നിൽക്കുന്നതും തെരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട്. ചതുപ്പ് പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഏഴുപേർക്കായി തെരച്ചിൽ തുടരുന്ന പുത്തുമലയിലും റഡാർ എത്തിക്കാനാണ് ശ്രമം.

മന്ത്രി എ കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്നലെ ദുരിതബാധിത മേഖലയിലെ ക്യാമ്പ് സന്ദർശിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട സഹായങ്ങളെല്ലാം ഇതിനോടകം നൽകിയതായി മുരളീധരൻ അറിയിച്ചു.

Top